അരുവിത്തുറ: ശനിയാഴ്ച രാത്രി ആലപ്പുഴയിലുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ അരുവിത്തുറ സെന്റ് ജോർജ് കോളജ് ഒന്നാം വർഷ ഇക്കണോമിക്സ് വിദ്യാർഥി ഋഷികേശിന്റെ സ്മരണയിൽ അരുവിത്തുറ സെന്റ് ജോർജ് കോളജിലെ വിദ്യാർഥിസമൂഹവും അധ്യാപകരും ജീവനക്കാരും ബാഷ്പാഞ്ജലികൾ അർപ്പിച്ചു.
കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഋഷികേശിന്റെ ഛായാചിത്രത്തിനു മുന്പിൽ ഒത്തുചേർന്ന വിദ്യാർഥികൾക്കു മുൻപിൽ കോളജ് പ്രിൻസിപ്പൽ പ്രഫ.ഡോ. സിബി ജോസഫ്, ബർസാർ ഫാ. ബിജു കുന്നയ്ക്കാട്, ഇക്കണോമിക്സ് വിഭാഗം മേധാവി ലിഡിയ ജോർജ്, കായിക വിഭാഗം മേധാവി ഡോ. വിയ്യാനി ചാർളി, വോളിബോൾ കോച്ച് ജേക്കബ്, കോളജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ഫയാസ് തുടങ്ങിയവർ ഋഷികേശിനെ അനുസ്മരിച്ച് പ്രസംഗിച്ചു.
കോളജിലെ വോളിബോൾ ടീം അംഗവും സ്പോർട്സ് ഹോസ്റ്റൽ അംഗവുമായ ഋഷികേശ് വോളിബോളിൽ കോളജിന്റെ മിന്നുംതാരമായിരുന്നു. ഹയർ സെക്കൻഡറി തലത്തിൽ മികച്ച പ്രകടനവുമായി കോളജ് ടീമിലെത്തിയ ഋഷികേശ് ചുരുങ്ങിയ സമയം കൊണ്ടുതന്നെ നിരവധി ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ആലപ്പുഴ വെട്ടിക്കൽ വലിയവീട്ടിൽ ടിറ്റോ- സീത ദമ്പതികളുടെ മകനാണ് ഋഷികേശ്.