കുറുപ്പന്തറ: മാഞ്ഞൂർ, സുന്ദര മാഞ്ഞൂര്‍ എന്നത് ലക്ഷ്യംവച്ചു മാഞ്ഞൂര്‍ പഞ്ചായത്ത് അതീവ ജാഗ്രതയോടെ മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ (തോടുകൾ, കനാലുകള്‍, റോഡ് സൈഡുകൾ) നിക്ഷേപിക്കുന്ന സാമൂഹ്യവിരുദ്ധരെ കണ്ടെത്തി നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിനായി പൊതുസ്ഥലങ്ങളില്‍ ശുചിത്വ മിഷന്റെ സ്പെസിഫിക്കേഷനോടുകൂടിയ ആധുനിക സിസി കാമറകള്‍ സ്ഥാപിച്ചു.
പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ച കാമറകള്‍ 300 മീറ്റര്‍ ചുറ്റളവില്‍ വാഹനങ്ങളുടെ നമ്പര്‍ ഉള്‍പ്പടെ കൃത്യമായി കണ്ടുപിടിക്കത്തക്ക രീതിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് സിസി ടിവി കാമറകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ ഫണ്ട് സ്പോണ്‍സർഷിപ്പിലൂടെ കണ്ടെത്താനാണ് പഞ്ചായത്ത് ശ്രമിക്കുന്നത്. ജൈവമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ സംസ്കരിക്കുന്നതിനുവേണ്ടി തന്നെ കമ്പോസ്റ്റ് വളം ഉത്പാദിപ്പിക്കുന്നതിന് ബയോ ബിന്നുകള്‍ പഞ്ചായത്തിലെത്തിച്ചിട്ടുണ്ട്. എല്ലാ വീടുകളിലും ഇവ എത്തിക്കും. അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മസേന അംഗങ്ങള്‍ വഴി സമാഹരിച്ച് എല്ലാ മാസവും ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. അഞ്ച് വര്‍ഷത്തിനകം നിര്‍മലം പുതുയുഗകേരളം പദ്ധതി പ്രകാരം മാലിന്യമുക്ത പഞ്ചായത്തായി മാഞ്ഞൂരിനെ മാറ്റിയെടുക്കുയാണ് ലക്ഷ്യം.
കുറുപ്പന്തറ എംസിഎഫിന് (ഫിഷ് മാര്‍ക്കറ്റ് ) സമീപം പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ് കാമറകള്‍ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ലിസി ജോസഫ് അധ്യക്ഷത വഹിച്ചു. ലൂക്കോസ് മാക്കീൽ, ടോമി കാറുകുളം, ലിസി സാജൻ, ജോര്‍ജ്കുട്ടി കാറുകുളം, കെ.ബി. രാജേഷ്, മാത്യൂസ് കെ. മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, വില്ലേജ് ഓഫിസര്‍മാര്‍, പഞ്ചായത്ത് അംഗങ്ങള്‍ ഹരിതകര്‍മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.