മുണ്ടക്കയം: പ്രദേശത്തെ പ്രധാന ജലസ്രോതസായ പൈങ്ങന തോട്ടിലേക്ക് വ്യാപകമായി രാസമാലിന്യം ഒഴുക്കുന്നു. പറത്താനം മലനിരകളിൽനിന്ന് ആരംഭിച്ച ചിറ്റടി-31-ാം മൈൽ പൈങ്ങന വഴി മണിമലയാറിൽ എത്തിച്ചേരുന്ന പ്രധാന തോടുകളിൽ ഒന്നായ പൈങ്ങന തോട്ടിൽ വ്യാപകമായിട്ടാണ് മാലിന്യം തള്ളുന്നത്. ഇതേത്തുടർന്ന് തോട്ടിലെ വെള്ളം പാൽ നിറത്തിൽ കലങ്ങി ഒഴുകുന്ന കാഴ്ചയാണ് ഒട്ടുമിക്ക ദിവസങ്ങളിലും കാണുവാനുള്ളത്.
ചിറ്റടി ഭാഗത്ത് രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ തോട്ടിലേക്ക് മലിനജലം ഒഴുക്കുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. പ്രദേശത്തെ ഏതെങ്കിലും ഫാക്ടറികളിൽ നിന്നോ അല്ലെങ്കിൽ മറ്റ് പ്രദേശങ്ങളിൽനിന്ന് വാഹനങ്ങളിൽ എത്തിച്ചോ ആണ് മാലിന്യം തോട്ടിലേക്ക് തള്ളുന്നത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പും തോട്ടിലെ വെള്ളത്തിന്റെ നിറം മാറി ഒഴുകിയിരുന്നു. അന്ന് തോട്ടിൽ കുളിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി 31-ാംമൈൽ നിവാസികൾ പറയുന്നു. ഇന്നലെ രാവിലെയും വെള്ളം പാൽ നിറത്തിൽ കലങ്ങി ഒഴുകിയതായി നാട്ടുകാർ ആരോപിച്ചു. ഇതോടെ കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും വെള്ളമെടുക്കുന്ന നിരവധി കുടുംബങ്ങളും ദുരിതത്തിലായി.
മഴ പെയ്യുന്ന ദിവസങ്ങളിലാണ് സാമൂഹ്യവിരുദ്ധർ തോട്ടിൽ മാലിന്യം കലർത്തുന്നതെന്നതും ശ്രദ്ധേയമാണ്. സംഭവത്തെത്തുടർന്ന് മുണ്ടക്കയം 22-ാം വാർഡ് മെംബർ റോയി കപ്പിലുമാക്കൽ മുണ്ടക്കയം പൊലിസിൽ പരാതി നൽകി. ഈ തോടിനെ ആശ്രയിച്ച് പൈങ്ങന, 31-ാം മൈൽ അടക്കമുള്ള മേഖലയിലെ നിരവധി കുടിവെള്ള പദ്ധതികളും പ്രവർത്തിക്കുന്നുണ്ട്. രാസമാലിന്യം കലർന്ന ജലം കുടിവെള്ള പദ്ധതികളിലേക്ക് എത്തിയാൽ ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കും. തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.