ഇളങ്ങുളം: ധർമശാസ്താക്ഷേത്ര മൈതാനത്ത് നടത്തിയ എലിക്കുളം പഞ്ചായത്തിന്റെ വയോജന കായികമേളയിൽ വയോജനങ്ങൾ ഓരോരുത്തരും ആവേശത്തോടെ പങ്കെടുത്തു.
എല്ലാ വാർഡിലെയും വയോജനങ്ങളെ സംഘടിപ്പിച്ച് പഞ്ചായത്തുതലത്തിൽ പ്രവർത്തിക്കുന്ന "നിറവ് 60 പ്ലസ്' എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു കായികമത്സരങ്ങൾ നടത്തിയത്.
60നുമേൽ പ്രായമുള്ളവരായിരുന്നു എല്ലാവരും. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ മത്സരമായിരുന്നു. 50 മീറ്റർ ഓട്ടം, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ജാവലിൻ ത്രോ തുടങ്ങിയ മത്സരങ്ങളാണ് ക്ഷേത്രമൈതാനത്ത് നടന്നത്.
മുത്തശൻമാരുടെയും മുത്തശിമാരുടെയും കായികപ്രകടനം കാണാൻ ശാസ്താദേവസ്വം എൽപി സ്കൂളിലെ കുട്ടികളും എത്തി. ശാസ്താദേവസ്വം ഓഡിറ്റോറിയത്തിൽ ഇന്നു രാവിലെ ഒന്പതിന് കലാമത്സരങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്യും.