ചങ്ങനാശേരി: പാറേല്‍ മര്‍ത്ത്മറിയം ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് ഷ്റൈന്‍ ബസിലിക്കയിലെ അമലോത്ഭവമാതാ ദൈവാലയ കൂദാശക്ക് വിശ്വാസീസാഗരം ഒഴുകിയെത്തി. വൈദികർ, സന്യസ്തര്‍, അല്മായര് തുടങ്ങി അതിരൂപതയുടെ വിവിധ ഇടവകകളില്‍നിന്നായി വന്‍ ജനാവലി ഉച്ചയോടെതന്നെ എത്തി.
അമല തിയോളജിക്കല്‍ സെന്ററിനു സമീപത്തുനിന്നും ആരംഭിച്ച പ്രദക്ഷിണത്തില്‍ തിരുവസ്ത്രങ്ങളണിഞ്ഞ വൈദികര്‍ അണിനിരന്നു. അതിനു പിന്നിലായി കാര്‍മികരായ മെത്രാന്മാരെ സ്വീകരിച്ചാനയിച്ചു. ഇരുവശങ്ങളിലും മുത്തുക്കുടകള്‍ ചൂടി വിശ്വാസികള്‍ ഇവരെ വരവേറ്റു.
അതിരൂപത വികാരിജനറാള്‍മാരായ മോൺ. ആന്റണി എത്തയ്ക്കാട്ട്, മോണ്‍.മാത്യു ചങ്ങങ്കരി, മോൺ. ജോണ്‍ തെക്കേക്കര, മോൺ.സ്കറിയ കന്യാകോണില്‍, ചാന്‍സലര്‍ ഫാ. ഡോ. ജോര്‍ജ് പുതുമനമൂഴി, പ്രോക്യുറേറ്റര്‍ ഫാ. ആന്റണി മാളേയ്ക്കല്‍, പാറേല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രം വികാരി ഫാ.ജേക്കബ് വാരിക്കാട്ട്, നിര്‍മ്മാണകമ്മിറ്റി ഫിനാന്‍സ് ഓഫിസര്‍ ഫാ. ടെജി പുതുവീട്ടിക്കളം, കത്തീഡ്രല്വികാരി ഫാ.ജോസഫ് വാണിയപ്പുരക്കല്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.