വൈക്കം: വംശനാശം നേരിടുന്നനാടൻ പശു ഇനങ്ങളെ തിരിച്ചുപിടിച്ച് ശുദ്ധമായ പാലും പാലുത്പന്നങ്ങളും ജനങ്ങളിലെത്തിക്കാൻ പ്രയത്നിക്കുന്ന ആംറോ ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വൈക്കം സ്വദേശി മുരളീധരൻ നായർക്ക് മികച്ച ക്ഷീരകർഷകനുള്ള കേന്ദ്ര സർക്കാരിന്റെ ഗോപാൽ രത്ന പുരസ്കാരം.
തദ്ദേശിയ കന്നുകാലി എരുമ ഇനങ്ങളെ വളർത്തുന്ന വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ക്ഷീര കർഷകനാണ് മുരളീധരൻനായർ. കന്നുകാലി, ക്ഷീര മേഖലയിലെ രാജ്യത്തെ ഏറ്റവും ഉയർന്ന ബഹുമതികളിൽ ഒന്നായ ഈ പുരസ്കാരം
രാഷ്ട്രീയ ഗോകുൽ മിഷന്റെ ഭാഗമായി കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പാണ് നൽകുന്നത്. ദേശീയ ക്ഷീരദിനമായ നവംബർ 26ന് പുരസ്കാരം സമ്മാനിക്കും.
ലോജിസ്റ്റിക്സിൽ നിന്നും കോക്ക്പിറ്റിൽ നിന്നും കന്നുകാലി തൊഴുത്തിലേക്കുള്ള മുരളീധരൻ നായരുടെ യാത്രവേറിട്ടതാണ്. ആഗോള ലോജിസ്റ്റിക്സ് സ്ഥാപനം കെട്ടിപ്പടുത്ത അദ്ദേഹം പൈലറ്റ് പരിശീലന സ്കൂൾ സ്ഥാപിക്കുകയും സ്വയം പൈലറ്റായി വിമാനം പറത്തുകയും ചെയ്തു. ഇന്ന് രാജ്യത്തെ മുൻനിര ക്ഷീരകർഷകരിൽ ഒരാളാണ് അദ്ദേഹം. ഇന്ത്യയുടെ നാടൻ പശു ഇനങ്ങളെ തിരികെ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ 2018ൽ ഇലഞ്ഞിയിലും വൈക്കത്തുമായി അദ്ദേഹം ആംറോ ഡെയറീസ് ആരംഭിച്ചു.
അംഗീകൃത ഇന്ത്യൻ തദ്ദേശീയ ഇനങ്ങളെ വളർത്തുന്ന കർഷകർക്ക് മാത്രമാണ് ഗോപാൽ രത്ന പുരസ്കാരത്തിന് അപേക്ഷിക്കാൻ അർഹത. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള അപേക്ഷകൾ നിശ്ചിത സ്കോർകാർഡ് അടിസ്ഥാനമാക്കി വിലയിരുത്തി തെരഞ്ഞെടുക്കപ്പെടുന്ന ഫാമുകൾ ദേശീയ ക്ഷീരവികസന ബോർഡ് (NDDB) നേരിട്ട് സന്ദർശിച്ച് പരിശോധിച്ചിരുന്നു. തുടർന്ന് സ്ക്രീനിംഗ് കമ്മിറ്റിയും ദേശീയ അവാർഡ് കമ്മിറ്റിയും വിലയിരുത്തിയാണ് റാങ്ക് നിശ്ചയിച്ചത്. വിദേശ സങ്കര ഇനങ്ങളെക്കാൾ തദ്ദേശീയ ഇനങ്ങളെ കൂടുതലായി വളർത്തുന്നതിനും ഉത്പാദനക്ഷമത, കന്നുകാലി പരിപാലനം, ഗ്രാമീണ ക്ഷീര സമ്പദ്വ്യവസ്ഥയ്ക്കുള്ള സംഭാവന എന്നിവയ്ക്കും പ്രത്യേക പരിഗണന നൽകുന്നത് കണക്കിലെടുത്താണ് മുരളീധരൻനായരെ അവാർഡിനായി തെരഞ്ഞെടുത്തത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് ഗോപാൽ രത്ന പുരസ്കാരം. ഭാര്യ ഗീത കാൻസർ ബാധിതയായപ്പോൾ ശുദ്ധമായ പാൽ നൽകാൻ വേണ്ടി വെച്ചൂർപശുവിനെയും ഗീർപശുവിനെയും വളർത്തിയാണ് മുരളീധരൻ നായർ ക്ഷീരമേഖലയിലേക്ക് പദമൂന്നിയത്. ഭാര്യയുടെ ആകസ്മികമായ മരണത്തെ തുടർന്ന് ആകെ ഉലഞ്ഞുപോയ അദ്ദേഹം ഭാര്യയുടെ സ്മരണയ്ക്കായി ട്രസ്റ്റ് രൂപീകരിച്ച് കാൻസർ ബാധിതരെ സഹായിക്കാനായി ഫാം വിപുലപ്പെടുത്തി ഫാമിൽ നിന്നുള്ള വരുമാനം ട്രസ്റ്റിലൂടെ വിനിയോഗിച്ചു വരികയാണ്.
ഇന്ന് വൈക്കം ആറാട്ടുകുളങ്ങരയിലും പെരുവ ഇലഞ്ഞിയിലെ ഫാമിലുമായി എച്ച് എഫ്, ഗീർ വെച്ചൂർ പശു ഇനങ്ങളിൽപ്പെട്ട 550ഓളം പശുക്കളുണ്ട്. ഇതിൽ നൂറോളം പശുക്കൾ ജനുവരിയോടെ പ്രസവിക്കുന്നതോടെ ഫാമിലെ പശുക്കളുടെ എണ്ണം ഇനിയുമേറും. ദിനംപ്രതി 2000ലിറ്റർ പാലും അനുബന്ധ ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നുണ്ട്. വിദേശ കന്നുകാലി ഇനങ്ങളുടെ വ്യാപനം മൂലം രോഗപ്രതിരോധശേഷിയും പോഷകമൂല്യവുമേറിയ പാൽ നൽകിവന്ന നാടൻ കന്നുകാലി ഇനങ്ങൾ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് കുറ്റിയറ്റുപോകുന്ന നാടൻ കന്നുകാലി ഇനങ്ങളെ തൊഴുത്തിലെത്തിക്കാനുള്ള മുരളീധരൻ നായരുടെ ഉദ്യമം ശ്രദ്ധ നേടുന്നത്.
ലോജിസ്റ്റിക്സ് രംഗത്ത് ഏറെക്കാലം പ്രവർത്തിച്ച താൻ വിമാനം പറത്തിയിട്ടുണ്ടെങ്കിലും നാടൻ പശുക്കളെ പരിപാലിക്കുന്നതിൽ നിന്ന് ലഭിക്കുന്ന സംതൃപ്തി മറ്റൊന്നിൽ നിന്നും ലഭിച്ചിട്ടില്ലെന്നും ഇന്ത്യയിലെ നാടൻ പശു ഇനങ്ങളെ സംരക്ഷിക്കുന്ന ഓരോ കർഷകനുമുള്ളതാണ് ഈ പുരസ്കാരമെന്നും മുരളീധരൻ നായർ പറഞ്ഞു.
2004ൽ ദുബായിൽ സ്ഥാപിതമായ ആംറോ ഗ്രൂപ്പ്ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിംഗ്, വ്യോമയാനം, ക്ഷീരമേഖല എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന കുടുംബ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. 300ലധികം ജീവനക്കാരുള്ള ഗ്രൂപ്പ് 100ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു.