അമ്പലപ്പുഴ: ദുർഗന്ധം വമിക്കുന്ന പുഴുവരിക്കുന്ന ഭക്ഷണാവശിഷ്ടത്തിന്റെ മാലിന്യം നീക്കം ചെയ്യാൻ ഹരിത കർമ സേന അംഗങ്ങളെ പറഞ്ഞുവിട്ട അധികൃതരുടെ നടപടിയിൽ പ്രതിഷേധമുയർന്നു. നാലു ദിവസം മുൻപ് ദേശീയപാതയ്ക്കു സമീപം ഇരട്ടക്കുളങ്ങര ക്ഷേത്രത്തിന് മുന്നിലെ കുറ്റിക്കാട്ടിൽ ഭക്ഷണാവശിഷ്ടങ്ങൾ ചാക്കിൽ തള്ളിയ നിലയിൽ കണ്ടെത്തിയിരുന്നു.
ഇവ നീക്കം ചെയ്യാനാണ് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഹരിത കർമസേനാംഗങ്ങളെ നിയോഗിച്ചത്. കുറ്റിക്കാട്ടിൽ കിടന്ന ഭക്ഷണാവശിഷ്ടം തെരുവുനായ്ക്കളാണ് കടിച്ചുവലിച്ച് കൊണ്ടുവന്ന് റോഡിലേക്കിട്ടത്. പതിനെട്ടോളം ചാക്കുകളിലായാണ് ഇവിടെ മാലിന്യം തള്ളിയിരുന്നത്.
ദുർഗന്ധം വമിക്കുന്ന, പുഴുവരിക്കുന്ന ഭക്ഷണാവശിഷ്ടം നീക്കം ചെയ്യാനെത്തിയ ഹരിത കർമ സേന അംഗങ്ങൾ ഛർദിച്ച് അവശരായി. റോഡിലൂടെ നടന്നുപോയവർ പോലും മൂക്കുപൊത്തി നടക്കുമ്പോഴാണ് ഇവർ ഇത് നീക്കം ചെയ്തത്. ജെസിബി പോലെയുള്ള യന്ത്രമുപയോഗിച്ച് കുഴിയെടുത്ത് ഇവ മറവ് ചെയ്യുന്നതിന് പകരം ഇത്രയും മലിനമായ ഭക്ഷണാവശിഷ്ടം നീക്കം ചെയ്യാൻ നിർദേശം നൽകിയ പഞ്ചായത്ത് അധികൃതരുടെ നിലപാട് മനുഷ്യത്വ രഹിതമാണെന്ന അഭിപ്രായം ശക്തമാണ്.
ഇരട്ടക്കുളങ്ങര മഹാദേവ ക്ഷേത്രത്തിന് മുന്നിലെ കുറ്റിക്കാട്ടിലാണ് ഭക്ഷണാവശിഷ്ടങ്ങൾ ഞായറാഴ്ച രാത്രിയോടെ ചാക്കിൽ കെട്ടി തള്ളിയത്. തുടർന്ന് ഭാരവാഹികൾ അമ്പലപ്പുഴ പൊലിസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മാലിന്യക്കൂമ്പാരത്തിൽ നടത്തിയ പരിശോധനയിൽ ആലപ്പുഴ നഗരത്തിന് സമീപമുള്ള ഒരു കാറ്ററിംഗ് സ്ഥാപനത്തിന്റെ ബില്ലും കണ്ടെത്തിയിരുന്നു.
എന്നാൽ, സ്ഥാപനത്തിനെതിരേ കേസെടുക്കാതെ പൊലിസ് ഒത്തുകളി നടത്തുന്നെന്ന ആരോപണത്തിനിടെയാണ് പഞ്ചായത്തിന്റെ നിർദേശപ്രകാരം ഹരിത കർമ സേനാംഗങ്ങൾ ജോലി ഏറ്റെടുത്തത്. സ്ഥാപന ഉടമയ്ക്കെതിരേ കേസെടുത്ത് ഇവരുടെ ചെലവിൽ മാലിന്യം മറവുചെയ്യുന്നതിന് പകരം ഹരിത കർമ സേനാംഗങ്ങളെ ഇതിനായി നിയോഗിച്ചതിൽ പ്രതിഷേധം ശക്തമാണ്.