ചങ്ങനാശേരി: മലയാളഭാഷയ്ക്കും കേരളനവോത്ഥാനത്തിനും അതുല്യമായ സംഭാവനകള്‍ നല്കിയ അര്‍ണോസ് പാതിരിയുടെ സ്മരണാര്‍ഥം എസ്ബി കോളജില്‍ അര്‍ണോസ് പാതിരി ചെയര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.
ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ചെയര്‍ സ്ഥാപിതമായിരിക്കുന്നത്. അര്‍ണോസ് പാതിരി കേരളത്തിലെത്തിയതിന്റെ 325-ാം വാര്‍ഷികത്തോടനുബന്ധിച്ച് 26 ന് രാവിലെ 10-ന് കോളജിലെ പടിയറ ഹാളില്‍ നടക്കുന്ന സമ്മേളനമധ്യേ ഡോ. കുര്യാസ് കുമ്പളക്കുഴി ചെയറിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തും. കോളജിലെ മുന്‍ അധ്യാപകനും വകുപ്പ് മേധാവിയുമായിരുന്ന ഡോ. ജിജി ജോസഫ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ അര്‍ണോസ് പാതിരിയുടെ വിഖ്യാതകൃതിയായ പുത്തന്‍പാനയുടെ പ്രകാശന കര്‍മവും അദ്ദേഹം നിര്‍വഹിക്കും.
അതോടൊപ്പം ഗവേഷണ-പഠന പ്രവര്‍ത്തനങ്ങള്‍ക്കായി സെന്റ് ബെര്‍ക്കുമാന്‍സ് കോളജും അര്‍ണോസ് പാതിരി അക്കാദമിയും തമ്മിലുള്ള ധാരണാപത്രത്തില്‍ പ്രിന്‍സിപ്പല്‍ ഫാ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍ ഒപ്പു വയ്ക്കും.
പ്രമുഖ നിരൂപകനും ചരിത്രകാരനും മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ മുന്‍ അധ്യാപകനുമായ ഡോ. കുര്യാസ് കുമ്പളക്കുഴി മുഖ്യ പ്രഭാഷണം നടത്തും.
തുടര്‍ന്ന് ഫാ. ഡോ. ജോര്‍ജ് തേനാടിക്കുളം എസ്.ജെ. അര്‍ണോസ് പാതിരിയുടെ പുസ്തകങ്ങള്‍ കോളജ് സെന്‍ട്രല്‍ ലൈബ്രറിക്ക് കൈമാറും. കേരള സംസ്കാരത്തിനും നവോഥാനത്തിനും വിവര്ത്തനപഠനങ്ങള്ക്കും പുതിയ ദിശാബോധം നല്‍കാനാണ് ചെയര്‍ ലക്ഷ്യമിടുന്നതെന്ന് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. നിതിന്‍ വര്‍ഗീസ് അറിയിച്ചു.