പാലാ: കിഴപറയാര് സെന്റ് ഗ്രിഗോറിയോസ് പള്ളി മതസൗഹാര്‍ദത്തിന് മാതൃകയാകുന്നു. തിരുനാളിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം പള്ളി ഗ്രൗണ്ടില്‍ നടന്ന ഗാനമേളയ്ക്കിടെ പ്രസിദ്ധ ഹൈന്ദവ ഭക്തിഗാനമായ പള്ളിക്കെട്ട് ശബരിമലയ്ക്ക്... എന്നു തുടങ്ങുന്ന ഗാനം പാടിയത് ചോദ്യം ചെയ്തയാളെ തടഞ്ഞ് തിരുനാള്‍ കമ്മിറ്റിക്കാരും നാട്ടുകാരും.
ഗാനമേളയ്ക്കിടെ സ്റ്റേജില്‍ അതിക്രമിച്ച് കയറുകയും ഗാനമേള തടസപ്പെടുത്തുകയും ചെയ്ത പന്ത്രണ്ടാം മൈല്‍ സ്വദേശിയെ സ്റ്റേജില്‍നിന്നു സംഘാടകരും നാട്ടുകാരും ചേര്‍ന്ന് ഇറക്കിവിട്ടു. തുടര്‍ന്ന് വികാരി ഫാ. മാത്യു പന്തലാനിയും ആഘോഷകമ്മിറ്റിക്കാരും പള്ളിക്കെട്ട് ഗാനം വീണ്ടും സ്റ്റേജില്‍ ഗായകനെക്കൊണ്ട് പാടിപ്പിച്ചു.
ഇടവകയുടെ നൂറാം വാര്ഷികത്തോടും തിരുനാളിനോടും അനുബന്ധിച്ചായിരുന്നു ആലപ്പുഴ റെയ്ബാന്‍ ട്രൂപ്പിന്റെ ഗാനമേള നടന്നത്. എല്ലാ മതസ്ഥരായ ആളുകളും സൗഹാര്‍ദത്തോടെ കഴിയുന്ന പ്രദേശമാണ് കിഴപറയാറെന്നും പള്ളിക്കുള്ളിലല്ല ഗാനം ആലപിച്ചതെന്നും മതസൗഹാര്‍ദം തകരാന്‍ അനുവദിക്കില്ലെന്നും ഫാ. മാത്യു പന്തലാനി പറഞ്ഞു.
വളരെ ദിവസങ്ങള്‍ക്കു മുമ്പുതന്നെ ഇടവകയുടെ ശതാബ്ദി ആഘോഷത്തിനും തിരുനാളിനും പ്രദേശത്തെ ഹൈന്ദവ കുടുംബങ്ങളെ നേരിട്ടും ഫോണിലും വികാരിയച്ചനും പള്ളിക്കമ്മിറ്റിയംഗങ്ങളും ക്ഷണിച്ച് മാതൃകയായിരുന്നു. ഗാനമേള അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിനെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.