പാലാ: സെന്റ് തോമസ് കോളജ് ഓട്ടോണമസ് ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സിലെ നീന്തല്‍ക്കുളത്തില്‍ നടന്ന മഹാത്മാഗാന്ധി സര്‍വകലാശാല നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ആതിഥേയരായ പാലാ സെന്റ് തോമസ് കോളജും വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സാ കോളജും കിരീടം നിലനിര്‍ത്തി.
എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളജുകളില്‍ നിന്നായി പുരുഷ,വനിതാ വിഭാഗങ്ങളിലായി 500-ലധികം നീന്തല്‍ താരങ്ങള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ 114 പോയിന്റ് നേടിയാണ് സെന്റ് തോമസ് നീന്തല്‍ കിരീടം നിലനിര്‍ത്തിയത്.
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് (57 പോയിന്റ് ) രണ്ടാം സ്ഥാനവും കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് (25 പോയിന്റ്) മൂന്നാം സ്ഥാനവും നേടി. പാലാ സെന്റ് തോമസ് കോളജിലെ ജോസഫ് വി. ജോസ് നാല് സ്വര്‍ണം നേടി പുരുഷ വിഭാഗം വ്യക്തിഗത ചാമ്പ്യനായി.
വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സാ 160 പോയിന്റ് നേടിയാണ് കിരീടം നിലനിര്‍ത്തിയത്. സെന്റ് തോമസ് കോളജ് രണ്ടാം സ്ഥാനവും, സെന്റ് തെരേസാസ് കോളജ് മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സാ കോളജിലെ എസ്.അനീഷ, എം.ആര്. അനഘ എന്നിവര്‍ നാല് സ്വര്‍ണം വീതം നേടി വനിതാ വിഭാഗം വ്യക്തിഗത ചാമ്പ്യന്മാരായി.
പുരുഷ വിഭാഗം വാട്ടര്‍പോളോ ചാമ്പ്യന്‍ഷിപ്പില്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് കിരീടം നേടി. പാലാ സെന്റ് തോമസ് കോളജ് രണ്ടാം സ്ഥാനവും കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് മൂന്നാം സ്ഥാനവും നേടി. പാലാ അല്‍ഫോന്‍സാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു, ഡോ. സിസ്റ്റര്‍ മഞ്ജു എലിസബത്ത്, പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രിന്‍സി സണ്ണി, ഫാ. ഫ്രാന്‍സിസ് മാട്ടേല്‍ എന്നിവര്‍ ചേര്‍ന്ന് ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ നല്കി.