ഹരിപ്പാട്: കുണ്ടും കുഴിയും നിറഞ്ഞ് തകർന്ന നാരകത്തറ-കവറാട്ട് റോഡിലെ രൂക്ഷമായ പൊടിശല്യം കാരണം യാത്രക്കാരും പ്രദേശവാസികളും ദുരിതത്തിൽ. കുമാരപുരം, തൃക്കുന്നപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നാല് കിലോമീറ്റർ ദൂരമുള്ള പാതയിൽ അധികൃതരുടെ അനാസ്ഥയ്ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു.
ദേശീയപാതയിലെ നാരകത്തറ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് അമ്പലശേരി കടവ് വരെ നീളുന്ന റോഡിൽ, കവറാട്ട് ക്ഷേത്രം വരെയുള്ള ഭാഗത്താണ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ജലജീവൻ മിഷൻ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി യന്ത്രസഹായത്തോടെ ആഴത്തിൽ കുഴിയെടുത്ത ശേഷം ശരിയായി മൂടാത്തതാണ് റോഡാകെ മണ്ണും പൊടിയും നിറയാൻ കാരണമായത്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന പൊടിപടലങ്ങൾ കാരണം മുന്നിലുള്ള വാഹനങ്ങൾ പോലും കാണാനാവാത്ത അവസ്ഥയാണ്.
കെഎസ്ആർടിസിയും തൃക്കുന്നപ്പുഴയിലേക്കുള്ള സ്വകാര്യ ബസുകളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ സർവീസ് നടത്തുന്ന പ്രധാന പാതയാണിത്. പൊടിശല്യം കാരണം കാഴ്ചമറയുന്നതിനാൽ സൈക്കിളിൽ പോകുന്ന സ്കൂൾ വിദ്യാർഥികളും ഇരുചക്രവാഹന യാത്രക്കാരും അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി.
സമീപത്തെ കടകളിലേക്ക് പൊടി അടിച്ചുകയറി സാധനങ്ങൾ നശിക്കുന്നത് വ്യാപാരികൾക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്.
പ്രദേശവാസികൾക്കിടയിൽ ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളും രൂക്ഷമാണ്.രേഖകൾ പ്രകാരം എട്ടു മീറ്റർ വീതിയുള്ള റോഡിന്റെ ഇരുവശങ്ങളും സ്വകാര്യവ്യക്തികൾ കൈയേറി മതിലുകളും കടകളും നിർമിച്ചതായി പരാതിയുണ്ട്. പല ഭാഗങ്ങളിലും ഒന്നര മീറ്ററോളം റോഡിലേക്ക് കയറിയാണ് വൈദ്യുത തൂണുകൾ നിൽക്കുന്നത്. ഇത് എതിർദിശകളിൽ നിന്നെത്തുന്ന വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ തടസമാകുന്നു.
നാരകത്തറ മുതൽ കവറാട്ട് വരെ റോഡ് പുനർനിർമിക്കാൻ ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ 50 ലക്ഷം രൂപയും എംഎൽഎ ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപയും ഉൾപ്പെടെ ഒരു കോടി രൂപയുടെ പ്രവൃത്തികൾക്ക് ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്.
അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ചും ഗതാഗതത്തിന് തടസമായ വൈദ്യുത തൂണുകൾ മാറ്റിസ്ഥാപിച്ചും നിർമാണം ഉടൻ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
താത്കാലിക പരിഹാരമായി റോഡിൽ വെള്ളം തളിച്ച് പൊടിശല്യം നിയന്ത്രിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.