പാലാ: ടൗണ്‍ കുരിശുപള്ളിയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാള്‍ ഡിസംബര്‍ ഒന്നുമുതല്‍ ഒമ്പതുവരെ ആഘോഷിക്കും. പാലാ കത്തീഡ്രല്‍, ളാലം പഴയപള്ളി, ളാലം പുത്തന്‍പള്ളി ഇടവകകളുടെ ആഭിമുഖ്യത്തിലാണ് തിരുനാള്‍ ആഘോഷം.
ഡിസംബര്‍ ഒന്നിന് വൈകുന്നേരം 5.15ന് ളാലം പഴയപള്ളിയില്നിന്നു തിരുനാള്‍ പതാകയുമായി അമലോത്ഭവ കുരിശുപള്ളിയിലേക്കു നടത്തുന്ന പ്രദക്ഷിണത്തിനുശേഷം കൊടിയേറ്റോടെ ജൂബിലി തിരുനാളിനു തുടക്കംകുറിക്കും. കൊടിയേറ്റുകര്‍മം ജൂബിലി ആഘോഷക്കമ്മിറ്റി പ്രസിഡന്റും കത്തീഡ്രല്‍ വികാരിയുമായ ഫാ. ജോസഫ് മലേപ്പറമ്പില്‍ നിര്‍വഹിക്കും.
തുടർന്ന് അമലോത്ഭവ മാതാ ജൂബിലി നഗറില്‍ ജൂബിലി സാംസ്കാരിക ആഘോഷ ഉദ്ഘാടനം നടക്കും. രണ്ടുമുതല്‍ എല്ലാ ദിവസവും പുലര്‍ച്ചെ 5.30, വൈകുന്നേരം 5.30 സമയങ്ങളില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന, വചന സന്ദേശം, ലദീഞ്ഞ് എന്നിവ ജൂബിലി കപ്പേളയില്‍ നടത്തപ്പെടും.
വൈകുന്നേരങ്ങളില്‍ കലാസന്ധ്യ
ഡിസംബര്‍ ഒന്നു മുതല്‍ വൈകുന്നേരങ്ങളില്‍ തിരുക്കര്‍മങ്ങൾക്കുശേഷം കലാസന്ധ്യ നടത്തും. ഒന്നിന് രാത്രി 7.30 ന് വോയിസ് ഓഫ് കൊച്ചിന്റെ ഗാനമേള. രണ്ടിന് രാത്രി ഏഴിന് കമല്‍ പ്രശാന്ത് നയിക്കുന്ന മ്യൂസിക് ബാന്‍ഡ്. മൂന്നിന് കാഞ്ഞിരപ്പള്ളി അമലാ കമ്യൂണിക്കേഷന്‍സിന്റെ നാടകം: മറിയം. നാലിന് കൊച്ചിന് ഹാര്‍മണിയുടെ മ്യൂസിക്കല്‍ ഷോ. ആറിന് കുന്തലക്കാടന്സ് ഫ്യൂഷന്‍.
ഏഴിന് രാവിലെ 7.30ന് അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിക്കും. രാവിലെ എട്ടിന് പാലാ സെന്റ് മേരീസ് സ്കൂള്‍ വിദ്യാർഥിനികളുടെ നേതൃത്വത്തില്‍ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം സംവഹിച്ചു മരിയന്‍ റാലി നടക്കും. വൈകുന്നേരം ആറിന് പാലാ കത്തീഡ്രലില്‍നിന്നും ളാലം പുത്തന്പള്ളിയില്നിന്നും പുറപ്പെടുന്ന പ്രദക്ഷിണങ്ങൾ കൊട്ടാരമറ്റം സാന്തോം പന്തലില്‍ എത്തിച്ചേര്‍ന്ന് ഒറ്റ പ്രദക്ഷിണമായി പ്രധാന വീഥിയിലൂടെ ജൂബിലി പന്തലില്‍ പ്രവേശിക്കും.
പ്രധാന തിരുനാള്‍ ദിനമായ എട്ടിന് രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന. ഒമ്പതിന് പ്രസുദേന്തി സമര്‍പ്പണം. രാവിലെ 10ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. കത്തീഡ്രല്‍ പള്ളി വികാരി ഫാ. ജോസഫ് മലേപ്പറമ്പില്‍, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തില്‍, ളാലം പുത്തന്‍പള്ളി വികാരി ഫാ. ജോര്‍ജ് മൂലേച്ചാലില്‍ എന്നിവര്‍ സഹകാര്‍മികരാവും.
ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ പാലാ സെന്റ് തോമസ് ഹൈസ്കൂളില്‍നിന്ന് ആരംഭിച്ച് ളാലം ജംഗ്ഷനില്‍ അവസാനിക്കുന്ന ജൂബിലി ഘോഷയാത്ര, ബൈബിള്‍ ടാബ്ലോ മത്സരം, ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരം എന്നിവയുണ്ടാകും. വാദ്യമേളങ്ങള്‍, കലാസാംസ്കാരിക ദൃശ്യരൂപങ്ങള്‍ എന്നിവ അണിനിരക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ളാലം പഴയപള്ളി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
വൈകുന്നേരം അഞ്ചിന് പ്രദക്ഷിണം ജൂബിലി പന്തലില്നിന്നുമാരംഭിക്കും. രാത്രി എട്ടിന് ളാലം ജംഗ്ഷനില്‍ എത്തിച്ചേരുന്ന പ്രദക്ഷിണം പന്തലില്‍ ലദീഞ്ഞിന് ശേഷം ആഘോഷമായ തിരുനാള്‍ പട്ടണപ്രദക്ഷിണമായി ആരംഭിച്ച് 9.15നു പന്തലില്‍ പ്രവേശിക്കും. ടാബ്ലോ മത്സരത്തിന്റെയും ടൂ വീലര്‍ ഫാന്‍സിഡ്രസ് മത്സരത്തിന്റെയും സമ്മാനദാനം ഫാ. ജോസഫ് മലേപ്പറമ്പില്‍ നിര്‍വഹിക്കും.
ഒന്‍പതിന് പുലര്‍ച്ചെ 5.30ന് മരിച്ചവര്‍ക്കു വേണ്ടിയുള്ള വിശുദ്ധ കുര്‍ബാനയും പ്രാര്‍ഥനകളും നടത്തും. 11ന് മേളങ്ങളുടെ അകമ്പടിയോടെ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം കുരിശുപള്ളിക്കുള്ളില്‍ പുനഃപ്രതിഷ്ഠിച്ച് കൊടിയിറക്കുന്നതോടെ തിരുനാളിന് സമാപനമാകും.