വൈക്കം: വൈക്കം- വെച്ചൂർ റോഡിലെ തോട്ടുവക്കം പാലത്തിനു മുൻവശത്തുണ്ടായിരുന്ന ഹംബിൽ തട്ടി ഇരുചക്ര വാഹന യാത്രികർ വീണ് പരിക്കേൽക്കുന്നത് പതിവായതോടെ വാർഡ് കൗൺസിലർ എം.ആർ. അനിൽകുമാർ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ സഹായത്തോടെ മാഞ്ഞുപോയ സീബ്രാ ലൈൻ വെള്ള ചായം പൂശി വരച്ചിട്ടു. തിരക്കേറിയ ജംഗ്ഷനിലെ ഏറെ ഉയർത്തിയിട്ട ഈ ഹംബിലെ സീബ്രാ ലൈൻ മാഞ്ഞതോടെ വളരെ വേഗത്തിൽ എത്തുന്ന ഇരുചക്ര വാഹനങ്ങളിൽ എത്തുന്നവരും ഇരുചക്ര വാഹനത്തിന്റെ പിന്നിൽ ഇരുന്ന് യാത്ര ചെയ്യുന്നവരും വീണ് പരിക്കേൽക്കുന്നത് പതിവായിരുന്നു. ദിവസം മൂന്നു ഇരുചക്ര വാഹന യാത്രികരെവരെ തങ്ങൾ ആശുപത്രിയിലെത്തിക്കാറൂണ്ടെന്ന് ഓട്ടോറിക്ഷ ഡ്രൈവർമാർ പറയുന്നു.
അപകടം തുടർക്കഥയായതോടെ സീബ്രാലൈൻ പുനഃസ്ഥാപിക്കുന്ന കാര്യം പിഡബ്ല്യുഡി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും എസ്റ്റിമേറ്റ് എടുത്ത് തുടർനടപടി പൂർത്തിയാക്കാൻ കാലതാമസം വരുമെന്ന് അധികൃതർ അറിയിച്ചു. വൈക്കത്തഷ്ടമി ഉത്സവ തിരക്കേറിയതോടെ വാഹന ഗതാഗതം പതിൻമടങ്ങ് വർധിച്ചു.
ഇന്നലെ രാവിലെ 10 ഓടെ ഇരുചക്ര വാഹനത്തിലെത്തിയ ചെമ്മനത്തുകര സ്വദേശിയായ യുവതി ഹംമ്പിൽ ചാടിമറിഞ്ഞ് വീണ് പരിക്കേറ്റു. ആ സമയം സ്ഥലത്തുണ്ടായിരുന്ന നഗരസഭാ കൗൺസിലർ എം.ആർ. അനിൽകുമാർ സമീപത്തെ കടയിൽനിന്ന് പെയിന്റ് വാങ്ങി ഓട്ടോറിക്ഷ ഡ്രൈവർമാരുടേയും സുഹൃത്തായ പെയിന്ററുടേയും സഹായത്തോടെ റോഡ് വൃത്തിയാക്കി ഹംബിൽ ചായം പൂശി. സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ സുനിൽ, സുധി എന്നിവരുടെ ഓട്ടോറിക്ഷകൾ ഹംമ്പി നിരുവശത്തുമിട്ട് വാഹനം തടഞ്ഞാണ് ഹംബിൽ സീബ്രാ ലൈൻ വരച്ചത്. രാവിലെ 10.30ന് ആരംഭിച്ച പണി ഉച്ചയ്ക്ക് ഒന്നോടെ അവസാനിച്ചു. കൗൺസിലർ അറിയിച്ചതിനെ തുടർന്ന് പിഡബ്ല്യുഡി അധികൃതർ സീബ്രാ ലൈനിൽ 50ഓളം റിഫ്ളക്ടറുകൾ സ്ഥാപിച്ചതോടെ വാഹന യാത്രികർക്ക് അപകടം കൂടാതെ യാത്ര ചെയ്യാനായി.