കോഴിക്കോട്: രാത്രികാലങ്ങളില്‍ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോഴിക്കോട് ബീച്ചില്‍ രാത്രികാല പരിശോധന കര്‍ശനമാക്കാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനം. ബീച്ചിൽ വെളിച്ചവും സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്ത ഭാഗങ്ങളിൽ കൃത്യമായ നിയന്ത്രണം അനിവാര്യമാണെന്നാണ് പൊലിസ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഓപ്പൺ സ്റ്റേജ് മുതൽ മുഖദാർ ബീച്ച് വരെയുള്ള ഭാഗങ്ങളിൽ വെളിച്ചവും സുരക്ഷയുമുണ്ടെങ്കിലും ഭട്ട് റോഡ്, കോതി, കോന്നാട് ബീച്ച് എന്നിവിടങ്ങളിൽ വെളിച്ചക്കുറവും കാടുപിടിച്ച സാഹചര്യവുമാണ്. ഇവിടം സാമൂഹ്യവിരുദ്ധര്‍ താവളമാക്കുകയാണ്. ഈ ഭാഗങ്ങളിൽ രാത്രി 11.30 മുതൽ സന്ദർശകരെ നിയന്ത്രിച്ച് വെളിച്ചമുള്ള ഭാഗങ്ങളിലേക്ക് പോകാന്‍ നിര്‍ദേശിക്കും.
നിയന്ത്രണം ആവശ്യപ്പെട്ട് സർവകക്ഷി കൂട്ടായ്മയായ തെക്കേപ്പുറം ജാഗ്രതാ സമിതിയും പ്രദേശവാസികളും രംഗത്തെത്തി. രാത്രി 10നും രാവിലെ ആറിനും ഇടയിൽ ബീച്ചിലും കുറ്റിച്ചിറ പൈതൃക പദ്ധതി പ്രദേശത്തും സന്ദർശകരെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ക്കും സിറ്റി പൊലിസ് കമ്മിഷണർക്കും നിവേദനം നൽകി.
അതേസമയം നൈറ്റ് ലൈഫിനെ ബാധിക്കാത്ത തരത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനാണ് കോര്പറേഷന് തീരുമാനം. പുലർച്ചെ വരെ ആളുകൾ തങ്ങുന്നത് ബീച്ച് ശുചീകരിക്കുന്നതിന് ഉൾപ്പെടെ തടസമുണ്ടാക്കുന്നുണ്ട്. നൈറ്റ് ലൈഫിൽ കൃത്യമായ ഒരു ക്രമീകരണം കൊണ്ടുവരേണ്ടതുണ്ട്. കളക്ടറുമായും പൊലിസ് കമ്മിഷണറുമായും ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് കോര്പറേഷന് അധികൃതര്‍ പറയുന്നത്. ഫുഡ്സ്ട്രീറ്റ് പ്രവര്‍ത്തനമാരംഭിച്ചശേഷം പലതരത്തിലുള്ള തര്‍ക്കങ്ങള്‍ ബീച്ചില്‍ പതിവാണ്. മദ്യപിച്ചെത്തുന്നവരും കടക്കാരും തമ്മിലുള്ള തര്‍ക്കവും തെറിവളിയും സ്ഥിരം കാഴ്ചയാണ്.