കോഴിക്കോട്: ഫറോക്ക് കരുവൻതിരുത്തി പാലത്തിന് സമീപം അപകടഭീഷണി ഉയർത്തി ബസുകളുടെ അനധികൃത പാര്‍ക്കിംഗ്. കൊച്ചി-കോഴിക്കോട് തീരദേശ പാതയുടെ ഭാഗമായുള്ള കരുവൻതിരുത്തി പാലത്തിനടുത്തായാണ് ബസുകൾ റോഡിൽ നിർത്തിയിടുന്നത് പതിവാക്കിയിരിക്കുന്നത്.
അപകടങ്ങൾ പതിവായ മേഖലയിൽ കൂടുതൽ അപകടങ്ങൾക്ക് വഴിയൊരുക്കുന്നതാണ് പാലത്തോട് ചേർന്നുള്ള ബസ് പാര്‍ക്കിംഗ്. ഫറോക്കിനും കരുവൻതിരുത്തി പാലത്തിനുമിടയിൽ സമീപകാലങ്ങളിലായി വാഹനാപകടങ്ങളിൽ ഒമ്പതുപേർ മരിച്ചിട്ടുണ്ട്. വാഹനങ്ങൾ ഇടതടവില്ലാതെ പായുന്ന പാതയുടെ പകുതിയും കവർന്നാണ് സ്വകാര്യ ബസുകൾ നിർത്തിയിടുന്നത്.
രാത്രിയിൽ തെക്കുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളിലുള്ളവർ പാലമിറങ്ങുമ്പോഴാണ് റോഡിൽ നിർത്തിയിട്ട ബസ് കാണുക. ഇതുകാരണം ദീർഘദൂര യാത്രാ വാഹനങ്ങൾ നിയന്ത്രണം വിടുന്നത് പതിവാണ്. ബസുകൾ കഴുകി വൃത്തിയാക്കുന്നതും ഇവിടെ തന്നെയാണ്.
പകൽസമയത്തും ബസുകൾ നിർത്തിയിടുന്നതിനാൽ അപകട സാധ്യതയേറുകയാണെന്നും ഇതിനെതിരെ അധികൃതർ നടപടിയെടുക്കുന്നില്ലെന്നുമാണ നാട്ടുകാരും യാത്രക്കാരും ആരോപിക്കുന്നത്