പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ക്ഷീരസംഗമത്തിന് കുട്ടികൾക്കുടെ കളറിംഗ് മത്സരത്തോടെ തുടക്കമായി. "ശലഭക്കൂട്ട്’ കളറിംഗ് മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ പ്രബീന ഹബീബ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീന, ഷാജി കട്ടുപ്പാറ, ബാവ ബഷീർ, പുലാമന്തോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹസീബ് വളപുരം, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻമാരായ ഇസുദീൻ, ഉമ്മുസൽമ, പഞ്ചായത്ത് അംഗം റാഷിദ, സീനിയർ ഡയറി എക്സ്റ്റൻഷൻ ഓഫിസർ മഹ്റൂഫ്, ക്ഷീരസംഘം പ്രതിനിധികളായ ബിൻസി ജോസഫ്, സുഹൈൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഇതോടനുബന്ധിച്ച് ഇന്ന് സ്കൂൾ വിദ്യാർഥികൾക്കായി ഡയറി എഡ്യൂ ക്വിസ് മത്സരം പുത്തനങ്ങാടി സെന്റ് ജോസഫ് സ്കൂളിൽ സംഘടിപ്പിക്കും. 28ന് പുലാമന്തോൾ പഞ്ചായത്തിലെ ചീരട്ടാമലയിൽ നടക്കുന്ന ക്ഷീരസംഗമവും സെമിനാറും നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്യും. മഞ്ഞളാംകുഴി അലി എംഎൽഎ വിശിഷ്ടാതിഥിയായിരിക്കും.
ക്ഷീരകർഷകർക്കായി മെഡിക്കൽ ക്യാന്പ്, ഡയറി എക്സ്പോ, പാലുത്പന്ന നിർമാണ പ്രദർശനം എന്നിവയും ഉണ്ടായിരിക്കും. ക്ഷീരകർഷകർ സ്വരൂപിച്ച തുക ഉപയോഗിച്ച് നിർധനനായ വ്യക്തിക്ക് ഉപജീവനത്തിനായി പശുവിനെ നൽകുന്ന "സ്നേഹനിധി’ പശു വിതരണവും നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ അറിയിച്ചു.