മലപ്പുറം: കേരളാ പൊലിസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗത്തിലേക്കും വിജിലൻസിലേക്കും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ കാര്യക്ഷമതയ്ക്ക് മാത്രമാണ് മുൻഗണന നൽകുന്നതെന്നും അന്വേഷണത്തിൽ അഭിരുചിയുള്ള ഉദ്യോഗസ്ഥരെ പ്രത്യേക പരീക്ഷയിലൂടെ കണ്ടെത്തിയാണ് ഇപ്പോൾ നിയമനം നടത്തുന്നതെന്നും ആഭ്യന്തര-വിജിലൻസ് മന്ത്രി രമേശ് ചെന്നിത്തല. മലപ്പുറം പൊലിസ് സ്റ്റേഷന് സമീപം ക്രൈം ബ്രാഞ്ച് മലപ്പുറം യൂണിറ്റിനായി പുതുതായി നിർമിച്ച ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലിസ് സേനയിലെ ജോലിഭാരം കാരണം മാറ്റിനിർത്തപ്പെടുന്നവരെ തള്ളിക്കളയാനുള്ള ഇടമല്ല ക്രൈം ബ്രാഞ്ചും വിജിലൻസുമെന്ന് മന്ത്രി പറഞ്ഞു.
ഡിജിപി, ക്രൈം ബ്രാഞ്ച് എഡിജിപി എന്നിവരുമായി ആലോചിച്ച് തയാറാക്കിയ പ്രത്യേക അഭിരുചി പരീക്ഷയിലൂടെയാണ് പുതിയ ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്. നിലവിൽ 2026-ൽ മാത്രം പുതിയതായി രജിസ്റ്റർ ചെയ്ത 321 കേസുകൾ ഉൾപ്പെടെ 2,763 സുപ്രധാന കേസുകളാണ് ക്രൈം ബ്രാഞ്ച് കൈകാര്യം ചെയ്യുന്നത്. സംസ്ഥാനത്ത് മികച്ച സേവനമാണ് ക്രൈംബ്രാഞ്ച് നടത്തുന്നതെന്നും കേസുകൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം തടയാൻ ആരംഭിച്ച ’ഓപ്പറേഷൻ തൂഫാൻ’ വലിയ വിജയമാണെന്നും പദ്ധതി ആരംഭിച്ച ശേഷം സംസ്ഥാനത്തെ കുറ്റകൃത്യങ്ങളിൽ 35 ശതമാനം കുറവുണ്ടായെന്നും മന്ത്രി പറഞ്ഞു. ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി ഇതുവരെ 17,351 കേസുകൾ രജിസ്റ്റർ ചെയ്യുകയും 16,593 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോയന്പത്തൂരിൽ പോയി 15 കിലോ എംഡിഎംഎ പിടികൂടിയ മഞ്ചേരി, മലപ്പുറം പോലീസ് സംഘത്തെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. " മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിയിലൂടെ സംസ്ഥാനത്തെ 90 ശതമാനം പൊലിസ് സ്റ്റേഷനുകളും പുതിയ കെട്ടിടങ്ങളിലേക്ക് മാറുകയും ഒരേ നിറത്തിലും രൂപത്തിലും നവീകരിക്കുകയും ചെയ്തു. പൊലിസ് സ്റ്റേഷനുകളിലെ എഫ്ഐആർ രജിസ്ട്രേഷനും കൊലപാതകം, പിടിച്ചുപറി, മിസിംഗ് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളും ആഭ്യന്തരമന്ത്രിയുടെ ഓഫിസിലെ ഡാഷ്ബോർഡ് വഴി തത്സമയം നിരീ്ഷിക്കാൻ പ്രത്യേക സോഫ്റ്റ് വെയർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പൊലീസ് നവീകരണത്തിനായി കേന്ദ്രത്തിൽ നിന്ന് 100 കോടി രൂപ അധികമായി ലഭ്യമാക്കാൻ സാധിച്ചതായും സ്റ്റേഷനുകൾക്ക് മുന്നിൽ കൂട്ടിയിട്ടിരിക്കുന്ന പഴയ വാഹനങ്ങളിൽ 70 ശതമാനവും നീക്കം ചെയ്തു കഴിഞ്ഞതായും മന്ത്രി പറഞ്ഞു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എംപി മുഖ്യാതിഥിയായിരുന്നു. മഞ്ഞളാംകുഴി അലി എംഎൽഎ, സംസ്ഥാന പൊലിസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്. വെങ്കടേഷ്, ക്രൈം ബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐജി എസ്. അജിത ബേഗം, മലപ്പുറം പോലിസ് മേധാവി ചൈത്ര തെരേസ ജോണ്, തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണൻ, മലപ്പുറം മുൻസിപ്പൽ ചെയർപേഴ്സണ് അഡ്വ.വി. റിനിഷ, മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പി എം.പി. മോഹനചന്ദ്രൻ, ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് എ.ജെ. തോമസ് എന്നിവർ പ്രസംഗിച്ചു.