മലപ്പുറം: കർഷകർക്ക് കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നതിനായി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന സൗജന്യ കാർഷിക യന്ത്ര സേവന ക്യാന്പിന്റെ ജില്ലാതല ഉദ്ഘാടനം ആനക്കയം സ്റ്റേറ്റ് സീഡ് ഫാമിൽ നടന്നു. ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ബുഷ്റ ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. യന്ത്രങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിന് സബ്സിഡി ആനുകൂല്യവും ലഭ്യമാക്കും.
1,000 രൂപ വരെയുള്ള അറ്റകുറ്റപ്പണികൾക്ക് 100 ശതമാനം സബ്സിഡിയും 1,000 രൂപയ്ക്ക് മുകളിൽ 5,000 രൂപ വരെ ചെലവ് വരുന്ന അറ്റകുറ്റപ്പണികൾക്ക് 25 ശതമാനം സബ്സിഡിയും ലഭിക്കും. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും ക്യാന്പുകൾ സംഘടിപ്പിക്കും.
കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുടെ ഓഫിസ് മുഖേനയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ഇൻചാർജ് പി.ഷജില പദ്ധതി വിശദീകരിച്ചു. മലപ്പുറം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ സംഗീത, കൃഷി ഓഫിസർ അർഷദ്, പി.റുബീന എന്നിവർ പങ്കെടുത്തു. അസിസ്റ്റന്റ് എൻജിനിയർ പി.ടി. ഗ്രിറ്റി, സ്റ്റോർ ഇൻ ചാർജ് കെ.എച്ച്. ഷഫീഖ് എന്നിവർ പ്രസംഗിച്ചു.