മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിൽ പുതിയ ക്ലിനിക്കൽ ആൻഡ് ഒപി ബ്ലോക്കും റേഡിയോളജി ബ്ലോക്ക് ആൻഡ് ലബോറട്ടറി കോംപ്ലക്സും നിർമിക്കുന്നതിന് 83.95 കോടി രൂപയുടെ ഭരണാനുമതി നൽകി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ഉത്തരവിറക്കി. കേന്ദ്ര സർക്കാരിന്റെ അർബൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് (യുഐഡിഎഫ്) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
55.03 കോടി രൂപ ചെലവിലാണ് ക്ലിനിക്കൽ ആൻഡ് ഒപി ബ്ലോക്ക് നിർമിക്കുന്നത്. പഴയ ഡിഎംഒ ഓഫിസും വർക്ക്ഷോപ് കെട്ടിടവും പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമിക്കുക. ലിഫ്റ്റ്, എയർ കണ്ടീഷനിംഗ്, അഗ്നിസുരക്ഷാ സംവിധാനങ്ങൾ, വൈദ്യുതീകരണം, ഫർണിച്ചറുകൾ തുടങ്ങിയ സൗകര്യങ്ങളും കെട്ടിടത്തിൽ ഉൾപ്പെടുത്തും.
അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന റേഡിയോളജി-ലബോറട്ടറി കോംപ്ലക്സിനായി 28.92 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. നിലവിലെ നഴ്സിംഗ് സ്കൂളിനോട് ചേർന്നുള്ള സ്ഥലത്താണ് പുതിയ സമുച്ചയം നിർമിക്കുന്നത്. ഇതിനായുള്ള മണ്ണ് പരിശോധന ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ നേരത്തേ പൂർത്തിയാക്കിയിരുന്നു. പ്രതിദിനം രണ്ടായിരത്തോളം പേർ ചികിത്സ തേടിയെത്തുന്ന ഒപി വിഭാഗത്തിൽ പുതിയ കെട്ടിട സമുച്ചയങ്ങൾ യാഥാർഥ്യമാകുന്നതോടെ കൂടുതൽ സൗകര്യങ്ങളോടെ രോഗികൾക്ക് ചികിത്സ ലഭ്യമാക്കാൻ കഴിയും.
പദ്ധതിയുടെ ആകെ ചെലവായ 83.95 കോടി രൂപയിൽ 62.96 കോടി രൂപ നാഷണൽ ഹൗസിംഗ് ബാങ്കിൽനിന്നുള്ള വായ്പയായും 20.99 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതമായും ലഭ്യമാക്കും.
പദ്ധതിക്ക് എത്രയും വേഗം സാങ്കേതികാനുമതി നൽകി ടെൻഡർ നടപടികൾ ആരംഭിക്കാൻ പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) ചീഫ് എൻജിനിയർക്ക് സർക്കാർ നിർദേശം നൽകി.
സമയബന്ധിതമായി നിർമാണം പൂർത്തിയാക്കുന്നതിന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെയും പൊതുമരാമത്ത് വകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എം. റഹ്മത്തുള്ള എംഎൽഎ, നഗരസഭാ ചെയർപേഴ്സണ് വല്ലാഞ്ചിറ അബ്ദുൾ മജീദ്, കളക്ടർ ഡോ. വിനയ് ഗോയൽ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കെ. വിശ്വനാഥൻ തുടങ്ങിയവർ കഴിഞ്ഞ സെപ്തംബറിൽ ഒപി ബ്ലോക്ക് നിർമിക്കുന്നതിനായി കണ്ടെത്തിയ സ്ഥലം ന്ദർശിച്ചിരുന്നു.