നിലന്പൂർ: ശല്യക്കാരായ കാട്ടാനകളെ കാടുകയറ്റുന്നതിന് ഒന്നാംഘട്ട സ്പെഷൽ ഡ്രൈവ് തുടരും. ഡ്രൈവ് നടക്കുന്നതിനിടയിൽ ഒരു ആന എടക്കോട് വനമേഖലയിലേക്ക് കയറി പോയത് വനം വകുപ്പിന് ആശ്വാസമായി. സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കാട്ടാനകൾ കൃഷിയിടത്തേക്ക് എത്തുന്ന ഭാഗങ്ങളിൽ സോളാർ വൈദ്യുതവേലി നിർമാണവും സജീവമായി.
കഴിഞ്ഞ 12നാണ് പൊക്കോട് വനമേഖലയിൽനിന്ന് കാട്ടാനകളെ കാടുകയറ്റാനുള്ള ഒന്നാം ഘട്ട സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചത്. നിലന്പൂർ നോർത്ത് ഡിഎഫ്ഒ കെ.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് 80 അംഗ ദൗത്യസംഘം സ്പെഷൽ ഡ്രൈവ് തുടങ്ങിയത്. മൂന്ന് ആനകളാണ് പൊക്കോട് വനമേഖലയിലുള്ളത്. സ്പെഷ്യൽ ഡ്രൈവ് ഉൗർജിതമായതോടെ മൂന്ന് ആനകളിൽ ഒരു ആന മണ്ണുപ്പാടം പെട്രോൾപന്പിന് സമീപത്തുകൂടെ പൈങ്ങാക്കോട് - കൊന്പൻകല്ല് വഴി എടക്കോട് വനമേഖലയിലേക്ക് കയറിപോയി.
കണ്ണംകുണ്ട്, വൈലാശേരി നന്പൂരിപ്പൊട്ടി ഭാഗങ്ങളിലുൾപ്പെടെ സോളാർ വൈദ്യുത വേലികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
പൊക്കോട് വനമേഖലയുടെ നാല് ഭാഗവും ജനവാസ മേഖലകളാണ്. സ്പെഷൽ ഡ്രൈവ് തുടരുന്ന സാഹചര്യത്തിൽ മറ്റ് രണ്ടാനകളും എടക്കോട് വനമേഖലയിലേക്ക് രാത്രി സമയത്ത് കടന്നുപോകാനുള്ള സാധ്യത ഉണ്ട്.
കാടുകയറുന്ന ആനകൾ തിരിച്ചുവരുന്നത് തടയുക എന്ന പ്രയോഗിക തീരുമാനത്തിന്റെ ഭാഗമാണ് സ്പെഷ്യൽ ഡ്രൈവിനിടയിൽ സോളാർ വൈദ്യുത വേലി നിർമാണവും ആരംഭിച്ചിട്ടുള്ളത്.