മഞ്ചേരി: നിലന്പൂർ കനോലി പ്ലോട്ടിനടുത്ത് കരിന്പ് ജ്യൂസ് കച്ചവടക്കാരനായ ഫൈസലി (38)നെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് മഞ്ചേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജീവപര്യന്തം തടവും 1.1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മന്പാട് രാമച്ചംപൊട്ടി മഠത്തിൽപറന്പിൽ മുസ്തഫ എന്ന മേരി ബാബുവിനെയാണ് (49) ജഡ്ജ് ടി.പി. അനിൽ ശിക്ഷിച്ചത്.
2017 ജൂലൈ 15ന് നിലന്പൂർ കനോലി പ്ലോട്ടിലെ വുഡ് കോംപ്ലക്സിനടുത്തുള്ള പഴയ ക്വാർട്ടേഴ്സിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയും ഫൈസലും മറ്റ് രണ്ട് സുഹൃത്തുക്കളും ചേർന്ന് സംഭവ സ്ഥലത്തിരുന്നു മദ്യപിക്കുകയായിരുന്നു. സുഹൃത്തുക്കൾ രണ്ടു പേരും മടങ്ങിയ ശേഷം പ്രതിയും ഫൈസലും വാക്കുതർക്കത്തിലേർപ്പെട്ടു. കാട്ടിൽനിന്നും വുഡ് കോംപ്ലക്സിൽനിന്നും മര ഉരുപ്പടികൾ പ്രതി ഒളിച്ചുകടത്തുന്ന കാര്യം വനം വകുപ്പുദ്യോഗസ്ഥരെ അറിയിക്കുമെന്ന് ഫൈസൽ പറഞ്ഞതിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
പ്രകോപിതനായ പ്രതി സമീപത്തു കിടന്ന കരിങ്കല്ലെടുത്ത് ഫൈസലിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഫൈസൽ മരണപ്പെട്ടതോടെ കൃത്യത്തിനുപയോഗിച്ച കല്ല് 200 മീറ്റർ അകലെയുള്ള കുതിരപ്പുഴയിലെറിയുകയും തെളിവു നശിപ്പിക്കുന്നതിനായി സംഭവ സ്ഥലം മുതൽ പുഴവരെ മുളകുപൊടി വിതറുകയും ചെയ്തു. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ പരിശോധനാ ഫലങ്ങളുടെയും അടിസ്ഥാനത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്.
കൊലപാതകത്തിന് ജീവപര്യന്തം തടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. ഇതിനു പുറമെ തെളിവുകൾ നശിപ്പിച്ചതിന് അഞ്ചുവർഷം കഠിന തടവ്, പതിനായിരം രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക കഠിന തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്. പ്രതി പിഴയടക്കുന്ന പക്ഷം 75000 രൂപ മരണപ്പെട്ട ഫൈസലിന്റെ ഭാര്യക്ക് നൽകണം. കൂടാതെ സർക്കാരിന്റെ വിക്ടിം കോന്പൻസേഷൻ സ്കീം പ്രകാരം കൂടുതൽ സഹായം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാനും കോടതി ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിക്ക് നിർദ്ദേശം നൽകി.
പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. ഷാജു 27 സാക്ഷികളെ കോടതി മുന്പാകെ വിസ്തരിച്ചു. 43 രേഖകളും 24 തൊണ്ടി മുതലുകളും ഹാജരാക്കി. പൊലിസ് ലൈസണ് ഓഫിസർ എഎസ്ഐ ദേവൻ പ്രോസിക്യൂഷനെ സഹായിച്ചു. നിലന്പൂർ പൊലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന മനോജ് പറയട്ടെ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് ആദ്യാന്വേഷണം നടത്തിയ കേസിൽ നിലന്പൂർ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കെ.എം. ദേവസ്യയാണ് തുടരന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തതും കുറ്റപത്രം സമർപ്പിച്ചതും. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.