മലപ്പുറം: കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട സബ്-നാഷണല്‍ ഇമ്യൂണൈസേഷന് ഡേ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടതോടെ ജില്ലയില്‍ പോളിയോ തുള്ളി മരുന്ന് കിട്ടാതിരുന്നത് നാല് ലക്ഷത്തോളം കുരുന്നുകള്‍ക്ക്.
സംസ്ഥാനത്തെ 10 ജില്ലകളില്‍ ഞായറാഴ്ച തുള്ളിമരുന്ന് വിതരണം നടന്നപ്പോള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിലാണ് വിതരണം മുടങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയാണ് ജില്ലയിലെ കുരുന്നുകള്‍ക്ക് തുള്ളിമരുന്ന് നഷ്ടപ്പെടാന്‍ കാരണമെന്നാണ് ആക്ഷേപം. അഞ്ച് വയസ്സില്‍ താഴെയുള്ള 3,92,466 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കേണ്ടിയിരുന്നത്. കഴിഞ്ഞ ജൂണ്‍ 28-ന് നടന്ന പള്‍സ് പോളിയോ ഇമ്യൂണൈസേഷന് പരിപാടിയില്‍ 96 ശതമാനത്തിന് മുകളില്‍ നേട്ടം കൈവരിച്ചിരുന്നു. അന്ന് ആദ്യദിനം മാത്രം 3,00,101 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കിയത്. 3,925 ബൂത്തുകള്‍, ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്റ്റേഷനുകളും ഉള്‍പ്പെടെയുള്ള 66 പ്രത്യേക ട്രാന്‍സിറ്റ് ബൂത്തുകള്‍, 34 മൊബൈല്‍ ടീമുകള്‍ എന്നിവ വഴിയായിരുന്നു അന്ന് വിതരണം. തുടര്‍ദിവസങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരും വോളന്റിയര്‍മാരും വീടുകളിലെത്തി ബാക്കിയുള്ള കുട്ടികള്‍ക്കും മരുന്ന് നല്‍കിയിരുന്നു. എന്നാല്‍ പുതിയ പട്ടികയില്‍നിന്ന് ഒഴിവാക്കിയതോടെ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് പ്രതിരോധ തുള്ളിമരുന്ന് ലഭിക്കാത്ത സാഹചര്യമുണ്ടാകുകയായിരുന്നു.