തിരൂർ: കലയുടെ വർണവസന്തം തീർക്കാൻ 37-ാമത് മലപ്പുറം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് ആലത്തിയൂർ കെഎച്ച്എംഎച്ച്എസ്എസിൽ തുടക്കമാകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്നു മുതൽ ഡിസംബർ മൂന്നു വരെയാണ് കലാമേള നടക്കുന്നത്.
ഇന്ന് രാവിലെ ഒന്‍പതിന് വിദ്യാഭ്യാസ ഉപഡയറക്ടർ സക്കീന മലയിൽ കണ്ണഞ്ചേരി പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് ഒൗദ്യോഗിക തുടക്കമാകും. ഉച്ചയ്ക്കുശേഷം മൂന്നിന് വർണാഭമായ സാംസ്കാരിക ഘോഷയാത്ര നടക്കും. തുടർന്ന് വൈകുന്നേരം നാലിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം റവന്യു മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി ചെയർമാൻ വി.എസ്. ജോയ് എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എംപിമാരായ എം.പി. അബ്ദുസമദ് സമദാനി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൾ വഹാബ്, പി.പി. സുനീർ എന്നിവരും കലാകാരി തീർഥസത്യനും ആശംസ നേരും. ജില്ലയിലെ എംഎൽഎമാർ, ജനപ്രതിനിധികൾ, കലാ,സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പ്രസംഗിക്കും. കലോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
11,144 കലാപ്രതിഭകളാണ് മാറ്റുരക്കുന്നത്. ആലത്തിയൂർ സ്കൂളും സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കം 20 വേദികളിലായാണ് മത്സരം അരങ്ങേറുന്നത്. ഇന്ന് രാവിലെ കലാമത്സരങ്ങൾക്ക് അരങ്ങുണരും. മുഴുവൻ രചനാ മത്സരങ്ങളും ഇന്ന് നടക്കും. ബാൻഡ് മേളം തിരൂർ ജിബിഎച്ച്എസ്എസ് ഗ്രൗണ്ടിലാണ് നടക്കുക.
മത്സരാർഥികൾ, എസ്കോർട്ടിംഗ് അധ്യാപകർ, ഒഫീഷ്യൽസ് എന്നിവരടക്കം മുപ്പതിനായിരത്തിലേറെ പേർക്കാണ് ഭക്ഷണമൊരുക്കുന്നത്. 11 കൗണ്ടറുകളിലായി ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് ഭക്ഷണ വിതരണം. കോങ്ങാട് വിനോദ് സ്വാമിയാണ് പാചകത്തിന് നേതൃത്വം നൽകുന്നത്. നാളെ കലാമേള ഉണ്ടായിരിക്കില്ല. 30ന് വീണ്ടും വേദി ഉണരും.
വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, ജില്ലാ പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ (ഡിഡിഇ) സക്കീന മലയിൽ കണ്ണഞ്ചേരി, മലപ്പുറം എഎ ഡിഡിഇ കെ.എ.എസ്. ഷറഫുദീൻ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷബ്ന കൊളങ്കര വീട്ടിൽ, തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മുജീബ് പൂളക്കൽ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമീൻ കരുവാനത്ത്, പ്രോഗ്രാം കണ്‍ീനർ കെ. സരിത, ആലത്തിയൂർ കെഎച്ച്എംഎച്ച്എസ്എസ് പ്രിൻസിപ്പൽ സോണിയ സി. വേലായുധൻ, ഹെഡ്മാസ്റ്റർ പി.സി. സിദീഖുൽ അക്ബർ, മീഡിയ ആൻഡ് പബ്ലിസിറ്റി കണ്‍വീനർ കെ.എം. മുഹമ്മദ് അസ് ലം, റിസപ്ഷൻ കണ്‍വീനർ കിഷോർ കൊട്ടേക്കോട്ടിൽ എന്നിവർ പങ്കെടുത്തു.