ചങ്ങരംകുളം: ക്രിസ്മസ്-പുതുവത്സര വിപണി ലക്ഷ്യമിട്ട് പൊന്നാനി വെളിയംകോട് മേഖലയിൽ വൻതോതിൽ കഞ്ചാവ് എത്തിച്ച 23 വയസുകാരൻ പിടിയിൽ. വെളിയംകോട് പഴഞ്ഞി കറുപ്പം വീട്ടിൽ മുഹമ്മദ് അസ്ഫറാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ ചാക്കിലാക്കി സൂക്ഷിച്ച 85 കിലോ കഞ്ചാവ് എക്സൈസ് സംഘം കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്ന് കുറ്റിപ്പാല എക്സൈസ് ഇൻസ്പെക്ടർ വി. നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെളിയംകോട് മേഖലയിൽ പരിശോധന നടത്തിയത്. വീട്ടിൽ അടച്ചിട്ട മുറിയിൽ നാല് ചാക്കുകളിലായി നിറച്ച് സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
രാജസ്ഥാനിൽ നിന്ന് കാലികളെ എത്തിക്കുന്ന വാഹനത്തിലാണ് ഇയാൾ നാട്ടിലേക്ക് കഞ്ചാവ് എത്തിച്ചതെന്നും ക്രിസ്മസ്-പുതുവത്സര വിപണി ലക്ഷ്യമിട്ടാണ് എത്തിച്ചതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്രയും വലിയ തോതിൽ കഞ്ചാവ് പ്രദേശത്ത് നിന്ന് പിടികൂടുന്നത് ആദ്യമാണെന്നും സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.എസ്. പ്രഫുലചന്ദ്രൻ, പ്രിവന്റീവ് ഓഫിസർമാരായ എം.സി. വിനേഷ്, ടി.കെ. ജ്യോതി, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്. കണ്ണൻ, എസ്. ശ്രീജിത്ത്, എ.പി. അർജുൻ, പി.കെ. രാഹുൽ, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ ജി. വിനോദ് കുമാർ എന്നിവരും ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവും പ്രതിയെയും പൊന്നാനി കോടതിയിൽ ഹാജരാക്കും.