പാലക്കാട്: പിരായിരി മാന്പ്ര ക്വാറി വീണ്ടും തുറക്കാനുള്ള നീക്കത്തിനെതിരേ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പിരായിരി പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടക്കുന്ന അനിശ്ചിതകാല സമരം തുടരുന്നു. 83 ദിവസമായി സമരത്തിലാണ് നാട്ടുകാർ.
ക്വാറിയുടെ പ്രവർത്തനാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ക്വാറി വീണ്ടും പ്രവർത്തനം ആരംഭിച്ചാൽ പ്രദേശത്തെ അഞ്ഞൂറിലേറെ കുടുംബങ്ങളുടെ ജീവനും സ്വത്തിനും കുടിവെള്ള ലഭ്യതയ്ക്കും ഭീഷണിയുണ്ടാകുമെന്ന് സമരസമിതി ആരോപിച്ചു.
മുൻകാല ഖനനത്തെത്തുടർന്ന് സമീപത്തെ 20 ലേറെ വീടുകൾക്ക് വിള്ളലുകൾ സംഭവിച്ചതായും ചൂണ്ടിക്കാട്ടി. സമീപത്തെ വിദ്യാലയങ്ങൾ, അറബിക് കോളജുകൾ, കുടിവെള്ള സംഭരണി, വൈദ്യുതി ടവർ എന്നിവയുടെ സുരക്ഷയും ആശങ്കയിലാണെന്ന് സമരസമിതി വ്യക്തമാക്കി. ക്വാറിയുടെ പ്രവർത്തനാനുമതി പൂർണമായും റദ്ദാക്കുന്നതുവരെ സമരം തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.