അഗളി: കേന്ദ്ര ഗ്രാമവികസന മന്ത്രാലയം എൻആർഎൽഎം പദ്ധതി മുഖാന്തിരം ദേശവ്യാപകമായി 25 മുതൽ ഡിസംബർ 23 വരെ നടപ്പാക്കുന്ന അഞ്ചാംഘട്ട ജെൻഡർ കാമ്പയിൻ - നയീചേതന 5.0 വിവിധ പരിപാടികളോടെ തുടക്കമായി.
ലിംഗാധിഷ്ഠിത വിവേചനങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതിനും സ്ത്രീകളെ പിന്നോട്ടുവലിക്കുന്ന സാമൂഹിക അനീതികളെ ചെറുക്കുന്നതിനുമായി സ്ത്രീകളുടെ കൂട്ടായ്മയും കരുത്തും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ കാമ്പയിനിന്റെ ലക്ഷ്യം. കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നടന്ന നയീചേതന 5.0 ന്റെ ഉദ്ഘാടനം കുടുംബശ്രീ പഞ്ചായത്ത് സമിതി പ്രസിഡന്റുമാരും സെക്രട്ടറിമാരും ചേർന്ന് നിർവഹിച്ചു.
പരിപാടിയുടെ ഭാഗമായി ജെൻഡർ പ്രതിജ്ഞ, പോസ്റ്റർ പ്രകാശനം എന്നിവ നടന്നു. നയീചേതന 5.0 കാമ്പയിനിന്റെ പദ്ധതി വിശദീകരണം പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.ജെ. ജോമോൻ നിർവഹിച്ചു. തൊഴിലുറപ്പും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തവും തൊഴിൽ പ്ലാൻ തയാറാക്കലും എന്ന വിഷയത്തിൽ അട്ടപ്പാടി ബിപിഒ ബി.എസ്. മനോജ് ക്ലാസ് നയിച്ചു. പഞ്ചായത്ത് സമിതി കോ-ഓർഡിനേറ്റർമാർ, അക്കൗണ്ടന്റുമാർ, ആനിമേറ്റർമാർ, സ്നേഹിത സ്റ്റാഫ് എന്നിവർ പങ്കെടുത്തു.