തിരുവല്ല: ബനഡിക്ട് മാർ ഗ്രിഗോറിയോസ് ഫൗണ്ടേഷൻ 19-ാമത് ആർച്ച്ബിഷപ് പുരസ്കാര സമർപ്പണവും അനുസ്മരണ പ്രഭാഷണവും ഫൗണ്ടേഷൻ രക്ഷാധികാരി മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷവും സംയുക്തമായി കോട്ടൂർ മാർ ഗ്രിഗോറിയോസ് പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ 28നു വൈകുന്നേരം നാലിന് നടക്കും.
ഫൗണ്ടേഷൻ സ്ഥാപക പ്രസിഡന്റ് ഫാ.ഡോ. ഇഗ്നേഷ്യസ് തങ്ങളത്തിൽ ഒഐസി അധ്യക്ഷത വഹിക്കുന്ന സമ്മേളനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പാട്ന ഹൈക്കോടതി റിട്ട. ചീഫ് ജസ്റ്റിസ് ജേക്കബ് ബെഞ്ചമിൻ കോശി അനുസ്മരണ പ്രഭാഷണം നടത്തും. തിരുവനന്തപുരം ശാലോം സ്പെഷ്യൽ സ്കൂളിന് 19-ാമത് ആർച്ച്ബിഷപ് പുരസ്കാരം കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സമ്മാനിക്കും.
ഫൗണ്ടേഷൻ രക്ഷാധികാരി മാർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജതജൂബിലി സ്മാരകമായി മലങ്കരകത്തോലിക്കാ സഭ ഏറ്റെടുത്തിരിക്കുന്ന ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി തങ്ങളത്തിൽ കുടുംബം നിർമിച്ചു നൽകുന്ന ഭവനത്തിന്റെ അവകാശരേഖ ചടങ്ങിൽ കൈമാറ്റം ചെയ്യുമെന്ന് ഭാരവാഹികളായ പ്രഫ. ജേക്കബ് എം. ഏബ്രഹാം, അലക്സ് കുര്യാക്കോസ്, ഫാ. ഇഗ്നേഷ്യസ് തങ്ങളത്തിൽ ഒഐസി, സ്ഥാപക പ്രസിഡന്റ് ഷിബു പുതുക്കേരിൽ, നെബു തങ്ങളത്തിൽ എന്നിവർ പറഞ്ഞു.