ശബരിമല: മണ്ഡലകാലത്തെ രണ്ടാമത്തെ പൊലിസ് ബാച്ച് ഇന്നലെ സന്നിധാനത്ത് ചുമതലയേറ്റു. നടപ്പന്തലിലെ ശ്രീശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സന്നിധാനം സ്പെഷ്യൽ ഓഫിസർ (എസ്ഒ) ജി. ജയദേവ് ഉദ്ഘാടനം ചെയ്തു.
1544 പൊലിസുകാരാണ് ബി-ഫേസിലുള്ളത്. ഇവരെ 18ാം പടിയിലും സോപാനത്തും നടപ്പന്തലിലും മാളികപ്പുറത്തും മറ്റുപരിസരപ്രദേശങ്ങളിൽ പട്രോളിംഗിനുമായും നിയോഗിക്കും. ചുമതല പൂർത്തിയാക്കിയ എ-ഫേസിലെ പൊലിസുകാർ ഇന്നലെ ഉച്ചയോടെ മലയിറങ്ങി. ഇതിൽ 11 ഡിവൈഎസ്പിമാരും 33 ഇൻസ്പെക്ടർമാരും ഉൾപ്പെടുന്നു. പുതിയ ആളുകൾ ഇവരുടെ കൂടെ മൂന്ന് മണിക്കൂറോളം ജോലി ചെയ്തശേഷമാണ് ചാർജ് കൈമാറിയത്.
പരിപാടിയിൽ അടുത്ത മണ്ഡല മകരമാസ കാലത്തിനു മുന്പ് സേനയിൽ നിന്ന് വിരമിക്കുന്ന 28 പൊലിസുകാരെ സ്പെഷ്യൽ ഓഫിസർ പൊന്നാടയണിയിച്ച് ആദരിച്ചു. എഎസ്ഒ വി.എസ്. ദിനരാജ് ഉൾപ്പടെയുള്ള പൊലിസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
ഭക്തർക്ക് സുഖദർശനം സാധ്യമാകണം: സ്പെഷ്യൽ ഓഫിസർ
ശബരിമല: മണ്ഡലം മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്ത് തീർഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തർക്ക് സംതൃപ്തമായ ദർശനം സാധ്യമാക്കാൻ സാധിച്ചിട്ടുണ്ടെന്ന് സന്നിധാനം പൊലിസ് സ്പെഷ്യൽ ഓഫിസർ ജി. ജയദേവ്.
എഴുപതിനായിരത്തോളം തീർഥാടകർ ദിവസേന സന്നിധാനത്ത് എത്തുന്നുണ്ടെങ്കിലും നടപ്പന്തലിലും പതിനെട്ടാംപടിക്ക് താഴെയും തിരക്ക് അനുഭവപ്പെടാത്തതിനു കാരണം കൃത്യമായ ഏകോപനവും വെർച്വൽ ക്യൂവിലൂടെയുള്ള അച്ചടക്കത്തോടെയുള്ള നിയന്ത്രണവുമാണെന്ന് സ്പെഷ്യൽ ഓഫിസർ പറഞ്ഞു.
കൂടുതൽ തീർഥാടകർ എത്തിയാലും ഏത് സാഹചര്യവും നേരിടാൻ സേന സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. പതിനെട്ടാംപടിയിൽ പരിചയസമ്പന്നരായ പൊലിസുകാരെയാണ് നിയോഗിച്ചിട്ടുള്ളത് സോപാനത്തിലും തിരക്ക് നിയന്ത്രിക്കാൻ കൃത്യമായ ആസൂത്രണം നടത്തിയിട്ടുണ്ട്. പത്തനംതിട്ട മുൻ ജില്ലാ പൊലിസ് മേധാവി കൂടിയായ സ്പെഷ്യൽ ഓഫിസർ മണ്ഡല കാലത്ത് ശബരിമല തീർഥാടനത്തിന്റെ ആദ്യ ബാച്ചിന്റെ സേവനം വിലയിരുത്തി. ഭക്തർക്ക് പരാതിരഹിതമായ തീർഥാടനം സാധ്യമാക്കുന്നതിനാണ് ലക്ഷ്യമെന്ന് എസ്ഒ പറഞ്ഞു.
വഴിയിൽ കുടുങ്ങുന്ന തീർഥാടകർക്ക് രക്ഷയായി ശബരി പോർട്ടൽ
പത്തനംതിട്ട: ജില്ലാ ഭരണകൂടം കഴിഞ്ഞ വർഷം തുടങ്ങിയ ശബരി പോർട്ടലിൽ (https://sabari portaldcpta.in) ഇത്തവണ പൊതുജനങ്ങൾക്ക് പരാതിപ്പെടാനുള്ള സംവിധാനംകൂടി ഒരുക്കിയതോടെ തീർഥാടകർക്ക് ഏറെ പ്രയോജനകരം.
മകര മണ്ഡലകാല തീർഥാടനം തുടങ്ങിയശേഷമുള്ള ഒന്പത് ദിവസത്തിനുള്ളിൽ 458 പരാതികൾ ലഭിച്ചതിൽ 452ഉം മോട്ടോർ വാഹന വകുപ്പ് പരിഹരിച്ചു. ഇതിൽ 444 എണ്ണം ബ്രേക്ക്ഡൗൺ സംബന്ധിച്ച് സഹായം തേടിയവയും 14 എണ്ണം അപകടത്തേ തുടർന്ന് സഹായം തേടിയവയുമാണ്. കുമളി മുതൽ പമ്പ വരെയുള്ള റോഡുകളിലെ വാഹന സംബന്ധമായ പരാതികൾ ശബരി പോർട്ടലിലെ public grievance ലിങ്കിൽ പരാതിപ്പെടുന്നതോടെ എംവിഡി കൺട്രോൾ റൂമിൽ ലഭിക്കും.
“അസമയത്ത് റോഡുകളിൽ പെട്ടുപോകുന്ന തീർഥാടകരിൽ പലർക്കും എവിടെയാണ് കുടുങ്ങിപ്പോയതെന്ന് പോലും അറിവുണ്ടാകില്ല. പോർട്ടലിൽ കയറി വാട്സ്ആപ്പ് നമ്പർ സഹിതം പരാതി നൽകുന്നതോടെ അവരുടെ ലൊക്കേഷൻ ഞങ്ങൾക്ക് ലഭിക്കുന്നു. വാഹനത്തിന് സംഭവിച്ച തകരാറ്, ഏത് വാഹനമാണ്, വാഹനത്തിന്റെ തകരാർ സംഭവിച്ച ഭാഗത്തെ ചിത്രം എന്നിവ കൂടി ലഭിക്കുന്നതോടെ എന്താണ് തകരാർ എന്ന് ഞങ്ങൾക്ക് മനസിലാകും. ഉടൻ സ്ഥലത്തേക്ക് സർവീസിന് ആളെ ലഭ്യമാക്കും. ഇതിന്റെ പണം സഹായം തേടിയ ആൾ തന്നെ നൽകണം. ക്രെയിൻ ഉപയോഗിച്ച് വാഹനം വലിച്ചുകൊണ്ടുപോകേണ്ട സ്ഥിതിയാണെങ്കിൽ ആ രീതിയിൽ സഹായം ചെയ്യും.” ഇലവുങ്കൽ കൺട്രോൾ റൂമിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം. പ്രേംജിത്ത് വിശദീകരിച്ചു.
സ്ഥലമോ ഭാഷയോ അറിയാത്ത ഇത്തരസംസ്ഥാനത്ത് നിന്ന് വരുന്ന അയ്യപ്പഭക്തർക്കാണ് പോർട്ടൽ ഏറെ പ്രയോജനപ്പെടുന്നത്.
ഗതാഗത സംബന്ധമായത് അല്ലാതെ ശബരിമലയിലെ ഭക്ഷണം, വൃത്തി ഉൾപ്പടെയുള്ളവ സംബന്ധിച്ചും ഭക്തർക്ക് പോർട്ടൽ വഴി പരാതിപ്പെടാം. പരാതി ലഭിച്ചയുടൻ പരാതിക്കാരന് വാട്സ്ആപ്പ് നമ്പറിൽ ടോക്കൺ നമ്പർ ലഭിക്കും. ടോക്കൺ നമ്പർ ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റ്ബോട്ടിൽ പരാതി തത്സമയം ട്രാക്ക് ചെയ്യാനും കഴിയും. പോർട്ടലിൽ പൊലിസ്, മോട്ടോർ വാഹന വകുപ്പ്, ആരോഗ്യം, റവന്യു തുടങ്ങി എല്ലാ വകുപ്പുകളിലെ ജീവനക്കാർക്കും ലോഗിൻ നൽകിയിട്ടുണ്ട്.
കെഎസ്ആർടിസി ബസ് സമയവും അറിയാം
ശബരിമല: കെഎസ്ആർടിസിയുമായി ഏകോപിപ്പിച്ചതാണ് ഇത്തവണ പോർട്ടലിന്റെ മറ്റൊരു പ്രത്യേകത. പമ്പയിൽനിന്ന് കേരളത്തിലെ പ്രധാന സ്ഥലങ്ങളിലേക്കുള്ള ബസ് സമയം പോർട്ടൽ വഴി അറിയാം. ശബരിമലയിൽ ഒരു മരണം നടന്നാൽ ഫീഡ് ചെയ്യപ്പെടുന്ന വിവരം തത്സമയം ഓട്ടോമേറ്റഡ് ആയി ജില്ലാ കളക്ടർ, ശബരിമല എഡിഎം ഉൾപ്പടെയുള്ളവർക്ക് മെയിലിൽ ലഭിക്കും.
പത്തനംതിട്ട കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ട് അജിത് ശ്രീനിവാസ്, ലാൻഡ് റവന്യു കമ്മിഷണറേറ്റിലെ റവന്യു ഇൻസ്പെക്ടർ ബി. യഗേഷ് എന്നിവർ ചേർന്നാണ് പോർട്ടൽ വികസിപ്പിച്ചത്. ശബരിമലയുടെ ചരിത്രം മുതൽ സന്നിധാനത്ത് ശുചീകരണം നടത്തുന്ന ജീവനക്കാരന്റെ വിവരങ്ങൾവരെ റിയൽ ടൈമായി പോർട്ടലിൽ ലഭ്യമാണ്. ഇത്തവണ സീസൺ തുടങ്ങിയശേഷം 20 ലക്ഷം പേർ പോർട്ടൽ സന്ദർശിച്ചു.