പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചും മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിയെ പിന്തുണച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍ എംപി. കേരളത്തില്‍ നടക്കുന്നത് മികച്ച ഭരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം രാജ്യത്തിന് മാതൃകയാകുമെന്നും മുഖ്യമന്ത്രിയുടെ നയങ്ങളോട് തനിക്ക് പൂര്‍ണ യോജിപ്പാണുള്ളതെന്നും തരൂര്‍ വ്യക്തമാക്കി. മന്ത്രിസഭയില്‍ കൂടിയാലോചനകളില്ലെന്ന വിമര്‍ശനങ്ങളില്‍ യാതൊരു അർഥവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെപിസിസി അധ്യക്ഷനെ വേഗത്തിൽ തീരുമാനിക്കണമെന്ന് താൻതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിക്കകത്ത് ചര്‍ച്ചകള്‍ നടക്കട്ടെയെന്നും ബാക്കി കാര്യങ്ങള്‍ ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തനിക്ക് പ്രത്യേക ഗ്രൂപ്പില്ലെന്നും താന്‍ യുണൈറ്റഡ് ഗ്രൂപ്പിലാണെന്നുമായിരുന്നു തരൂരിന്റെ മറുപടി.
ശബരിമല ഹെൽപ് ഡെസ്ക് തരൂർ സന്ദർശിച്ചു; അന്നദാന വിതരണത്തിലും പങ്കാളിയായി
പത്തനംതിട്ട: ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് സഹായവും സേവനങ്ങളും ഒരുക്കുന്നതിനായി യൂത്ത് കോൺഗ്രസിന്റെയും ശബരി സേവാ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശബരിമല ഹെൽപ് ഡെസ്ക് ഡോ. ശശി തരൂർ എംപി സന്ദർശിച്ചു. ഹെൽപ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയ അദ്ദേഹം, കഴിഞ്ഞ നിരവധി വർഷങ്ങളായി തീർഥാടകർക്ക് താങ്ങായി നിൽക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അഭിനന്ദിച്ചു.
ഹെൽപ് ഡെസ്കിന്റെ നേതൃത്വത്തിൽ ഭക്തർക്കായി വിതരണം ചെയ്യുന്ന അന്നദാനത്തിലും അദ്ദേഹം പങ്കാളിയായി. തീർഥാടകർക്ക് ഭക്ഷണവും കുടിവെള്ളവും ഉൾപ്പെടെയുള്ള സഹായങ്ങൾ ഒരുക്കുന്നതിനായി പ്രവർത്തകർ നടത്തുന്ന സേവനങ്ങളെ തരൂർ അഭിനന്ദിച്ചു.
ഹെൽപ് ഡെസ്ക് പ്രവർത്തകരായ നഹാസ് പത്തനംതിട്ട, അംബരീഷ് തട്ട, ആരിഫ് ഖാൻ, ടിജോ സാമുവൽ, ഫിറോസ് മീരാൻ, പി.എം. അമീൻ, അജ്മൽഅലി, മുഹമ്മദ് റോഷൻ, സിയാദ് മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു.