കഴക്കൂട്ടം: കഴക്കൂട്ടം - കോവളം ബൈപാസിൽ നിയന്ത്രണംവിട്ട കാർ ലോറിയിൽ ഇടിച്ചു. നിയന്ത്രണംവിട്ട ലോറി ഡിവൈഡറിലും സമീപത്തുന്ന മരത്തിലും ഇടിച്ചു കയറി ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു. ലോറി ഡ്രൈവർ ആലപ്പുഴ സ്വദേശികളായ ശ്രീജിത്ത് (40), ക്ലീനർ വൈശാഖ് (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുളത്തൂർ എസ്എൻ നഗറിനു സമീപം ഇന്നലെ പുലർച്ചെയായിരുന്നു അപകടം. ആലപ്പുഴനിന്നും ചാക്കയിലെ ഗോഡൗണിൽ ഇറക്കാൻ സോയാബീനുമായി എത്തിയതായിരുന്നു ലോറി. ഇതേ ദിശയിൽ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി ലോറിയിൽ ഇടിച്ചതോടെ നിയന്ത്രണംവിട്ട ലോറി ഡിവൈഡറിൽ ഇടിച്ചു കയറിയശേഷം ഡിവൈഡറിൽനിന്ന മരത്തിൽ ഇടിച്ചുനിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുൻവശം തകർന്ന ലോറിയുടെ സ്റ്റിയറിങ്ങിനിടയിൽ കുടുങ്ങിയ ഡ്രൈവർ ശ്രീജിത്തിനെയും വൈശാഖിനെയും കഴക്കൂട്ടം അഗ്നിശമനനിലയത്തിൽനിന്നുള്ള ഉദ്യോഗസ്ഥരെത്തിയാണു പുറത്തെത്തിച്ചത്. രണ്ടുപേർക്കും സാരമായ പരുക്കുണ്ട്. ലോറിയിൽ ഇടിച്ച കാർ പിന്നീട് അതുവഴിപോയ റോഡ് റോളറിലും ഇടിച്ചു. പൊലിസ് കേസെടുത്തു.