നെയ്യാർഡാം: നെയ്യാർ അണക്കെട്ടിന്റെ പ്രധാന ജലവിതരണ സംവിധാനമായ കനാലുകൾ സംരക്ഷണമില്ലാതെ നശിക്കുന്നു. നിലവിൽ കാടുമൂടിയ കനാലുകൾ മാലിന്യകേന്ദ്രമായി മാറിയിരിക്കുകയാണ്.
കള്ളിക്കാട്, പൂവച്ചൽ, കാട്ടാക്കട, മാറനല്ലൂർ പഞ്ചായത്തുകളിലൂടെയാണ് വലതുകര കനാൽ ഒഴുകുന്നത്. കനാലിൽ നെയ്യാർഡാമിനു സമീപം പാർശ്വഭിത്തി ഇടിയുന്നത് സ്ഥിരമാണ്. ഓരോ മഴക്കാലത്തും വലിയ തോതിലാണ് ബണ്ടിടിയുന്നത്.
കരിങ്കൽ പാർശ്വഭിത്തി ഇടിയുമ്പോൾ കനാലിൽ നിറയുന്ന മണ്ണും പാറയും പലയിടത്തും നീരൊഴുക്ക് തടസപ്പെടുത്തുന്നു. പാർശ്വഭിത്തി ഇടിഞ്ഞു റോഡിന്റെ ഒരുവശം അപകടസ്ഥിതിയിലായിട്ടു വർഷങ്ങളായി. പാർശ്വഭിത്തി ബലപ്പെടുത്തി റോഡ് സുരക്ഷിതമാക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ ഇറിഗേഷൻ വകുപ്പിനും സ്ഥലം എംഎൽഎയ്ക്കും നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. കഴിഞ്ഞ ഓണാഘോഷക്കാലത്ത് ഈ ഭാഗത്ത് ബാരിക്കേഡ് സ്ഥാപിച്ചതല്ലാതെ പാർശ്വഭിത്തി കെട്ടി റോഡ് സുരക്ഷിതമാക്കാൻ നടപടിയുണ്ടായിട്ടില്ല.
കൃത്യമായ ശുചീകരണം ഇല്ലാതായതോടെ കൃഷിസ്ഥലങ്ങളിലേക്കു മാലിന്യം ഒഴുകിയെത്തുന്നതും പതിവായി. വലതുകര കനാൽ തുടങ്ങുന്ന നെയ്യാർഡാം മുതൽ വെള്ളായണി വരെ ഇരുവശവും പാർശ്വഭിത്തിയിൽ പാഴ്മരങ്ങൾ നിറഞ്ഞിരിക്കുന്നു. ഇടതുകര കനാലിലും സമാനമായ സ്ഥിതിയാണ്.
മാറനല്ലൂർ വരെയുള്ള ഭാഗത്തു വലിയ തോതിലാണ് മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. ഇവിടെയും കനാലിന് ഇരുവശത്തും നിറയെ പാഴ്മരങ്ങളും വള്ളിപ്പടർപ്പുകളുമാണ്. കനാലുകളുടെ കൈത്തോടുകളും പലയി ടത്തും തകർച്ച നേിടുന്നു. മുമ്പ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാലുകൾ വൃത്തിയാക്കിയിരുന്നു. ഇപ്പോൾ പദ്ധതിയിൽ ഇതിന് പണം ചെലവഴിക്കാൻ അനുമതിയില്ലെന്നു കള്ളിക്കാട് പഞ്ചായത്ത് അധികൃതർ പറയുന്നു.