വിഴിഞ്ഞം : വിഴിഞ്ഞം തീരദേശ പൊലിസിന്റെ പട്രോളിംഗ് ബോട്ടുകൾ നങ്കൂരമിടാൻ ലക്ഷ്യംവച്ച് തുടങ്ങിയ ബർത്ത് നിർമാണം പാതിവഴിയിൽ. എന്തു ചെയ്യണമെന്നറിയാതെ അധികൃതർ.
ലക്ഷങ്ങളുടെ എസ്റ്റിമേറ്റ് തയാറാക്കി ഒരു വർഷം മുൻപ് ബർത്ത് നിർമാണം തുടങ്ങിയെങ്കിലും ശക്തമായ തിരയേറ്റത്തിൽ കോൺക്രീറ്റ് ബ്ലോക്കുകൾക്ക് സ്ഥാനമാറ്റം വന്നു തകരുകയായിരുന്നു. നിർമാണത്തിനായി എത്തിച്ച ക്രെയിൻ ഇറക്കിയതോടെ മത്സ്യബന്ധന തുറമുഖത്തോടുചേർന്ന ബർത്തിന്റെ ഭാഗവും തകർന്ന് അപകടാവസ്ഥയിലായി. കോൺക്രീറ്റ് ബ്ലോക്കുകൾ നിരത്തിയുള്ള ബർത്ത് നിർമാണം അശാസ്ത്രീയമാണെന്നു തുടക്കത്തിലേ ആരോപണമുയർന്നെങ്കിലും ആരും വകവച്ചിരുന്നില്ല. തകർന്ന മുഴുവൻ കോൺക്രീറ്റ് സ്ലാബുകളും കരയിലേക്കു തിരികെ കയറ്റിവച്ചു മാസങ്ങൾ കഴിഞ്ഞിട്ടും ചുമതലയുള്ള ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിനു നിർമാണം പുനരാരംഭിക്കാനായില്ല. കേന്ദ്രത്തിൽ നിന്നുള്ള 50 ലക്ഷം രൂപയും സംസ്ഥാന സർക്കാരിൽ നിന്നുള്ള 10 ലക്ഷം രൂപയും ഉൾപ്പെടെ 60 ലക്ഷം രൂപ വകയിരുത്തിയാണു പദ്ധതി ആവിഷ്കരിച്ചത്. 15 വർഷം മുൻപ് ആരംഭിച്ച തീരദേശത്തെ ആദ്യകാല സ്റ്റേഷനുകളിൽ ഒന്നായ വിഴിഞ്ഞത്തിന്റെ ശോച്യാവസ്ഥ വെളിവാക്കുന്ന തരത്തിലാണ് ബർത്തും കാലപ്പഴക്കം ചെന്ന ബോട്ടുമുള്ളത്. ഇതിന് ഒരു മാറ്റമുണ്ടാകുമെന്നു കരുതി നിർമാണം തുടങ്ങിയ ബർത്താണ് ലക്ഷ്യം കാണാതെ കിടക്കുന്നത്.