തൃശൂർ: ക്രിസ്മസ് കാലത്ത് ബേക്കറി വിപണി സജീവമാകാനിരിക്കെ, പലഹാരങ്ങളുടെ നിറംകണ്ട് ഗുണനിലവാരം വിലയിരുത്തരുതെന്ന അഭ്യർഥനയുമായി ബേക്കേഴ്സ് അസോസിയേഷൻ. നിറത്തിലല്ല, ഗുണത്തിലാണ് കാര്യമെന്നും സുരക്ഷിതമായ വിഭവങ്ങളൊരുക്കി കേരളം – ഒരു സുരക്ഷിത ഭക്ഷ്യ ലക്ഷ്യസ്ഥാനം എന്ന നിലയിലേക്ക് മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്നും അസോസിയേഷൻ പറയുന്നു.
കൃത്രിമനിറങ്ങൾ വില്ലനാകുമ്പോൾ
കഴിഞ്ഞ കുറച്ചുവർഷങ്ങളായി ബേക്കറി ഉത്പന്നങ്ങളിൽ കൃത്രിമ നിറങ്ങൾ ഒഴിവാക്കാൻ പല നിർമാതാക്കളും ശ്രമിക്കുന്നുണ്ട്. എന്നാൽ പഴയതുപോലെ കടുംനിറങ്ങൾ ഇല്ലാത്തവ പഴകിയതാണെന്നു കരുതി ഉപഭോക്താക്കൾ ഒഴിവാക്കുന്നത് കച്ചവടക്കാർക്ക് വെല്ലുവിളിയാകുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗം അനുവദിക്കുന്ന അളവിൽമാത്രം നിറങ്ങൾ ഉപയോഗിച്ചും പ്രകൃതിദത്തനിറങ്ങൾ ചേർത്തും ക്രിസ്മസ് കാലത്ത് സുരക്ഷിത വിഭവങ്ങൾ ഒരുക്കാനാണ് തീരുമാനം. സിന്തറ്റിക് നിറങ്ങൾ പതിവായി കഴിക്കുന്നത് കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങൾ, കരൾ–വൃക്ക തകരാറുകൾ, അലർജി, ശ്വാസകോശ–ദഹന പ്രശ്നങ്ങൾ, കാൻസർ സാധ്യത എന്നിവയ്ക്കു കാരണമായേക്കാം എന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.