ഇമേജ്: വെബ് സൈറ്റ്
തൃശൂർ: ക്രിസ്മസ് കാലത്ത് ബേക്കറി വിപണി സജീവമാകാനിരിക്കെ, പലഹാരങ്ങളുടെ നിറംകണ്ട് ഗുണനിലവാരം വിലയിരുത്തരുതെന്ന അഭ്യർഥനയുമായി ബേക്കേഴ്സ് അസോസിയേഷൻ. നിറത്തിലല്ല, ഗുണത്തിലാണ് കാര്യമെന്നും സുരക്ഷിതമായ വിഭവങ്ങളൊരുക്കി കേരളം – ഒരു സുരക്ഷിത ഭക്ഷ്യ ലക്ഷ്യസ്ഥാനം എന്ന നിലയിലേക്ക് മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്നും അസോസിയേഷൻ പറയുന്നു.
കൃത്രിമനിറങ്ങൾ വില്ലനാകുമ്പോൾ
കഴിഞ്ഞ കുറച്ചുവർഷങ്ങളായി ബേക്കറി ഉത്പന്നങ്ങളിൽ കൃത്രിമ നിറങ്ങൾ ഒഴിവാക്കാൻ പല നിർമാതാക്കളും ശ്രമിക്കുന്നുണ്ട്. എന്നാൽ പഴയതുപോലെ കടുംനിറങ്ങൾ ഇല്ലാത്തവ പഴകിയതാണെന്നു കരുതി ഉപഭോക്താക്കൾ ഒഴിവാക്കുന്നത് കച്ചവടക്കാർക്ക് വെല്ലുവിളിയാകുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗം അനുവദിക്കുന്ന അളവിൽമാത്രം നിറങ്ങൾ ഉപയോഗിച്ചും പ്രകൃതിദത്തനിറങ്ങൾ ചേർത്തും ക്രിസ്മസ് കാലത്ത് സുരക്ഷിത വിഭവങ്ങൾ ഒരുക്കാനാണ് തീരുമാനം. സിന്തറ്റിക് നിറങ്ങൾ പതിവായി കഴിക്കുന്നത് കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങൾ, കരൾ–വൃക്ക തകരാറുകൾ, അലർജി, ശ്വാസകോശ–ദഹന പ്രശ്നങ്ങൾ, കാൻസർ സാധ്യത എന്നിവയ്ക്കു കാരണമായേക്കാം എന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.
ജില്ലാ കൺവെൻഷൻ ഇന്ന്
സുരക്ഷിത ഭക്ഷ്യ കേരളം എന്ന ലക്ഷ്യവുമായി ബേക്കേഴ്സ് അസോസിയേഷൻ കേരളയുടെ ജില്ലാ വാർഷിക പൊതുയോഗവും ജില്ലാ കൺവെൻഷനും ഇന്ന് പുഴയ്ക്കൽ വെഡിംഗ് വില്ലേജിൽ നടക്കും.
ഉച്ചകഴിഞ്ഞ് 3.30ന് സംസ്ഥാന പ്രസിഡന്റ് കിരൺ എസ്. പാലക്കൽ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യസുരക്ഷ, ഗണനിലവാരം, ശുചിത്വം, ഉത്പാദനത്തിലെ ഉത്തരവാദിത്തം എന്നിവ കൺവെൻഷനിൽ ചർച്ച ചെയ്യും. ബേക്കറി രംഗത്ത് 70 വയസ് പിന്നിട്ടിട്ടും സജീവമായി പ്രവർത്തിക്കുന്ന മുതിർന്ന സംരംഭകരെ ചടങ്ങിൽ ആദരിക്കും.
വാർഷിക പൊതുയോഗം, പുതിയ ജില്ലാ ഭരണസമിതി തെരഞ്ഞെടുപ്പ് തുടങ്ങിയവയും നടക്കുമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.എം. ഇബ്രാഹിം, ജില്ലാ ജനറൽ സെക്രട്ടറി നീരജ് കുമാർ, ജില്ലാ ട്രഷറർ എം.ഡി. ഡേവിസ്, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി സി.പി. ഷാജു, കൺവെൻഷൻ കൺവീനർ ജിതോഷ് ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.