നടാന്പാടം കള്ളിച്ചിത്ര ആദിവാസി ഉന്നതിയിൽ കാട്ടാന തകർത്ത മതിൽ.
പാലപ്പിള്ളി: നടാന്പാടം കള്ളിച്ചിത്ര ആദിവാസി ഉന്നതിയിൽ കാട്ടാന മതിൽ തകർത്തു. വനാതിർത്തിയിൽ കാട്ടാനയിറങ്ങിയതോടെ പ്രദേശവാസികൾ ആശങ്കയിൽ. അതിർത്തിയിലെ കാടത്ത് രാജൻ, ജലജ എന്നിവരുടെ വീടിനു നേരെയാണ് ഒറ്റയാൻ വന്നത്. രാജന്റെ പുരയിടത്തിലെ മതിൽ തകർത്തു.
അതിരാവിലെ ഉണർന്ന രാജൻ വീടിനു പിൻവശത്ത് നിൽക്കുന്ന ആനയെയാണ് കണ്ടത്. നായ്ക്കൾ കുരയ്ക്കുകയും നാട്ടുകാർ ഒച്ചവയ്ക്കുകയും ചെയ്തതോടെ ആന തിരികെപ്പോയി. സമീപത്തെ കൈലാത്ത് വളപ്പിൽ അജിത്തിന്റെ പറന്പിലെ മതിലും ആന തകർത്തു. പറന്പിലെ കാർഷികവിളകളും ആന നശിപ്പിച്ചു.
എസ്റ്റേറ്റിന്റെയും വനമേഖലയുടെയും അതിർത്തി പ്രദേശങ്ങളിലാണ് ഇപ്പോൾ കാട്ടാനശല്യം രൂക്ഷമാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഈ മേഖലകളിൽ അധികൃതരുടെ പ്രത്യേക ശ്രദ്ധയും ജാഗ്രതയും വേണമെന്ന് മലയോര കർഷക സമിതി പ്രസിഡന്റ് ഇ.എ. ഓമന ആവശ്യപ്പെട്ടു.
Tags : a wild elephant destroyed the wall. Nattuvishesham DistrictNews