പള്ളി പൊളിച്ചുനീക്കുന്ന ദൃശ്യം
ഭുവനേശ്വർ: ഒഡീഷയിലെ കോരാപുട്ട് ജില്ലയിൽ ആൾക്കൂട്ട ആക്രമണത്തിനിരയായ പള്ളി തൊട്ടടുത്ത ദിവസം അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. കോട്പാഡ് ബ്ലോക്കിലെ പത്രഗുഡ ഗ്രാമത്തിലുള്ള പെന്തക്കോസ്ത് ബേർഷെബ പള്ളിയാണു കഴിഞ്ഞ ഞായറാഴ്ച പൊളിച്ചുനീക്കിയത്.
ആക്രമണത്തിൽ പരാതി നൽകിയതിനു പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ് ഉറപ്പുനൽകിയിരിക്കെയാണു ഞായറാഴ്ച രാവിലെ അധികൃതരെത്തി പള്ളി പൂർണമായും തകർത്തത്.
അനുമതിയില്ലാതെ സർക്കാർ ഭൂമിയിലാണു പള്ളി നിർമിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ, താൻ നൽകിയ ഭൂമിയിലാണു പള്ളി സ്ഥിതിചെയ്യുന്നതെന്ന് പ്രദേശവാസിയായ ദുർജൻ ഹരിജൻ വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തപ്പോൾത്തന്നെ ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ പൊലിസിനു കൈമാറിയിരുന്നതായും അദ്ദേഹവും ക്രൈസ്തവനേതാക്കളും പറഞ്ഞു.
ഞായറാഴ്ച രാവിലെ പത്തോടെ തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം വൻ സന്നാഹങ്ങളുമായും പൊലിസ് സംരക്ഷണയിലുമെത്തി പള്ളി പൊളിച്ചുതുടങ്ങിയപ്പോൾ തങ്ങൾ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയെന്ന് ദുർജൻ ഹരിജൻ ചൂണ്ടിക്കാട്ടി. അഞ്ചു വർഷം മുന്പ് നിർമിച്ച പള്ളിയിൽ ഗ്രാമത്തിലെ ഏതാനും ക്രൈസ്തവ കുടുംബങ്ങളും സമീപഗ്രാമങ്ങളിലുള്ളവരും ഞായറാഴ്ചകളിൽ പ്രാർഥനയ്ക്കായി ഒത്തുകൂടാറുണ്ടായിരുന്നു. 900ത്തോളം ആദിവാസി വിഭാഗക്കാർ താമസിക്കുന്ന ഗ്രാമമാണിത്.
ശനിയാഴ്ച പിക്കാക്സുകളും ചുറ്റികകളുമായി എത്തിയ ആൾക്കൂട്ടം പള്ളിയിലെ കുരിശും ചുവരിന്റെ ഒരു ഭാഗവും തകർത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും എഫ്ഐആറിൽ പേരുള്ള ഏഴു പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന് പൊലിസ് ഉറപ്പുനൽകിയിരുന്നതായും ഹരിജൻ പറഞ്ഞു.
സംഭവദിവസം പ്രദേശത്തെ 40ഓളം പാസ്റ്റർമാർക്കൊപ്പം പൊലിസ് സ്റ്റേഷനിലെത്തി പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടിരുന്നതായി പാസ്റ്റർ ഫ്രാങ്ക്ലിൻ ജോസോബോണ്ടോ പറഞ്ഞു. എന്നാൽ തങ്ങൾ മടങ്ങിയതിനു പിന്നാലെ ഒരു വിഭാഗം സ്റ്റേഷനിലെത്തി പ്രതികൾക്കെതിരേ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പള്ളിക്കു തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ദുർജൻ ഹരിജൻ അനുമതിയില്ലാതെ സർക്കാർ ഭൂമിയിലാണു പള്ളി പണിതതെന്ന് കോട്പാഡ് പൊലിസ് ഇൻസ്പെക്ടർ റുണു കുമാരി മാജി ആരോപിച്ചു.
പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകൾ
കുറ്റവാളികൾക്കെതിരേ നടപടിയെടുക്കുന്നതിനു പകരം ഇരകളെ വേട്ടയാടുന്ന ഭരണകൂടത്തിന്റെ നടപടി അങ്ങേയറ്റം അപലപനീയവും ഞെട്ടിക്കുന്നതുമാണെന്ന് യുണൈറ്റഡ് ബിലീവേഴ്സ് കൗൺസിൽ നെറ്റ്വർക്ക് ഓഫ് ഇന്ത്യ അധ്യക്ഷൻകൂടിയായ സിഎൻഐ ബിഷപ് പല്ലബ് ലിമ പ്രതികരിച്ചു.
ഗ്രാമത്തിലുണ്ടായിരുന്ന ഏഴു ക്രൈസ്തവ കുടുംബങ്ങളിൽ മൂന്നു കുടുംബങ്ങൾ ഭീഷണിയും പീഡനവും ഭയന്നു നേരത്തേതന്നെ താമസം മാറിയതായി സ്ഥലം സന്ദർശിച്ച നാഷണൽ ക്രിസ്ത്യൻ ഫ്രണ്ട് ജനറൽ സെക്രട്ടറി ഇസ്മായിൽ പത്രോ പറഞ്ഞു. പ്രാദേശിക ഭരണകൂടം സഹകരിക്കാത്ത സാഹചര്യത്തിൽ അനധികൃതമായി പള്ളി പൊളിച്ചതിനെതിരേ ഔദ്യോഗിക അന്വേഷണം ആവശ്യപ്പെട്ടും പള്ളി പുനർനിർമിക്കണമെന്നാവശ്യപ്പെട്ടും കോരാപുട്ട് ജില്ലാ കളക്ടറെ കാണാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2024ൽ ഒഡീഷയിൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 4.2 കോടി ജനസംഖ്യയുള്ള ഒഡീഷയിൽ 2.77 ശതമാനം മാത്രമാണു ക്രൈസ്തവർ. 2008ലെ കാണ്ഡമാൽ കലാപവും 1999ൽ ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും ചുട്ടുകൊന്ന സംഭവവുമടക്കം ക്രൈസ്തവർക്കെതിരായ കടുത്ത അതിക്രമങ്ങൾക്കു മുമ്പും ഒഡീഷ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
Tags : Persecution of Christians Odisha Church Raze church Attack on Christians