ഇരിങ്ങാലക്കുട: ബസ് സ്റ്റാന്‍ഡ് വികസന പദ്ധതിക്കു മുന്നോടിയായി നഗരത്തിലെ പഴയ കെട്ടിടങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടികളുമായി നഗരസഭ.
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിലെ പഴയ കെട്ടിടത്തിലും ടൗണ്‍ഹാള്‍ ഷോപ്പിംഗ് കോംപ്ലക്സിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളോട് മാര്‍ച്ച് 31 നകം ഒഴിഞ്ഞ് താക്കോല്‍ നഗരസഭയ്ക്ക് കൈമാറാന്‍ സെക്രട്ടറി നോട്ടീസ് നല്കി.
ബസ് സ്റ്റാന്‍ഡിലെ കിഴക്കുഭാഗത്തുള്ള പഴയ ഇരുനില കെട്ടിടം പൂര്‍ണമായും പൊളിച്ചുനീക്കാനാണ് നഗരസഭയുടെ തീരുമാനം. ഇതിനൊപ്പം ടൗണ്‍ഹാള്‍ ഷോപ്പിംഗ് കോംപ്ലക്സിന്റെ സ്ഥലത്ത് പുതിയ കെട്ടിട സമുച്ചയവും നിര്‍മിക്കും.
പഴയ ട്രഷറി പ്രവര്‍ത്തിച്ചിരുന്ന സ്ഥലവും ഈവനിംഗ് മാര്‍ക്കറ്റ് പ്രദേശവും ഉള്‍പ്പെടുത്തിയാണ് ടൗണ്‍ഹാള്‍ കോംപ്ലക്സ് നിര്‍മാണം വിഭാവനം ചെയ്തിരിക്കുന്നത്. ബസ് സ്റ്റാന്‍ഡ് വികസനത്തിനായി കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ട്രിച്ചി മാതൃകയിലുള്ള ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുന്നതിനായി വിശദമായ പദ്ധതിരേഖ തയാറാക്കുന്നതിന് നഗരസഭ നേരത്തെ സമ്മതപത്രം ക്ഷണിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ല.
നിലവിലെ ബസ് സ്റ്റാന്‍ഡിലെ സ്ഥലപരിമിതി പരിഹരിക്കുന്നതിനായി വടക്കുഭാഗത്ത് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്ന ഒരേക്കര്‍ 25 സെന്റ്് സ്ഥലം കൂടി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണു നീക്കം. സ്ഥലം വിട്ടുനല്കണമെന്നാവശ്യപ്പെട്ട് നഗരസഭ സര്‍ക്കാരിന് കത്തും നല്‍കിയിട്ടുണ്ട്.
1963ല്‍ നിര്‍മിച്ച ബസ് സ്റ്റാന്‍ഡ് പിന്നീട് പടിഞ്ഞാറുഭാഗത്തേ ക്ക് വികസിപ്പിച്ചിരുന്നെങ്കിലും സ്ഥലപരിമിതി ഇന്നും പ്രധാന വെല്ലുവിളിയാണ്. സമീപ റോഡുകളിലെ വാഹനത്തിരക്കും ബസുകളുടെ എണ്ണം വര്‍ധിച്ചതും സ്റ്റാന്‍ഡ് പരിസരത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. പുതിയ പദ്ധതിയിലൂടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാ നാകുമെന്നാണു പ്രതീക്ഷ.