പുതുക്കാട്: ആമ്പല്ലൂര്‍ പള്ളിക്കുന്ന് പൊതുമരാമത്ത് റോഡില്‍ കരുവാപ്പടി സെന്റര്‍, വരാക്കര പുളിഞ്ചോട് ഭാഗങ്ങളില്‍ അഴുക് ചാലുകള്‍ക്ക് സ്ലാബ് ഇല്ലാത്തത് വിദ്യാര്‍ഥികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകടഭീഷണിയാകുന്നു.
മേഖലയിലെ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാര്‍ഥികളും വഴിയാത്രക്കാരും പ്രധാനമായും ആശ്രയിക്കുന്ന റോഡാണിത്. അഴുക് ചാലുകള്‍ തുറന്നുകിടക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നത്.
റോഡിലൂടെ ഒരേസമയം രണ്ട് വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്കാല്നടയാത്രക്കാര്ക്ക് സുരക്ഷിതമായി മാറിനില്ക്കാന് പോലും സൗകര്യമില്ലാത്ത അവസ്ഥയാണുള്ളത്. ഇരുചക്ര വാഹനങ്ങള്‍ അഴുക്കുചാലില്‍ വീണ് അപകടം സംഭവിക്കുന്നതും പതിവാണ്.
അപകടസാധ്യത ഒഴിവാക്കുന്നതിനായി റോഡരികിലെ അഴുക്കുചാലുകളില്‍ എത്രയും വേഗം സ്ലാബ് നിര്‍മിച്ച് ഭയമില്ലാതെ സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടന്‍ പൊതുമരാമത്ത് കൊടകര സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് പരാതി നല്കി.