ഈറോഡ്: നഞ്ചൈ പുളിയംപട്ടിയിൽ ഭവാനി നദിക്ക് കുറുകെ ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച 95 വർഷം പഴക്കമുള്ള ഉയർന്ന പാലത്തിന് പകരം പുതിയ പാലം നിർമിക്കാൻ സർക്കാർ 25 കോടി രൂപ അനുവദിച്ചു. ഗോപി, ബംഗ്ലാപുതൂർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായാണ് ഈ പാലം നിർമിച്ചത്. 1928-ലാണ് പാലത്തിന്റെ നിർമാണത്തിന് തറക്കല്ലിട്ടത്. ബ്രിട്ടനിലെ സ്കോട്ട്ലൻഡിൽനിന്ന് കൊണ്ടുവന്ന ഇരുമ്പുതൂണുകൾ ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. 1931-ൽ പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
ബംഗ്ലാപുതൂർ, ടി.എൻ.പാളയം, വാണിപ്പുത്തൂർ, ഗുണ്ടേരിപ്പള്ളം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ഗോപി ഭാഗത്തേക്ക് യാത്ര ചെയ്യാൻ പ്രധാനമായും ഈ പാലത്തെയാണ് ആശ്രയിക്കുന്നത്. എന്നാൽ പാലത്തിന് 4.80 മീറ്റർ മാത്രമാണ് വീതിയുള്ളത്. ഇതുമൂലം ഭാരവാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ്. 2016 സെപ്റ്റംബർ 29-ന് അന്നത്തെ മുഖ്യമന്ത്രി ജയലളിത നിയമസഭയിൽ പുതിയ പാലം നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ തുടർനടപടികൾ ഉണ്ടായില്ല. പാലത്തിനായുള്ള ഭൂമി ഏറ്റെടുക്കലും പ്രാഥമിക നടപടികളും പൂർത്തിയാക്കിയിരുന്നെങ്കിലും നിർമാണം ആരംഭിച്ചിരുന്നില്ല.
റവന്യൂ മന്ത്രി കെ.എ. സെങ്കോട്ടയ്യനെയും സംഘടനാ പ്രതിനിധികൾ സന്ദർശിച്ച് നിവേദനം നൽകിയിരുന്നു.
തുടർന്ന് പുതിയ പാലം നിർമിക്കുന്നതിനായി 25 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി എസ്. ജോസഫ് വിജയ് പ്രഖ്യാപിച്ചത്. പത്ത് വർഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതി ഇപ്പോൾ യാഥാർഥ്യമാകുന്നതിൽ സന്തോഷമുണ്ടെന്നും ഇതിനായി മുഖ്യമന്ത്രിക്കും മന്ത്രിക്കും നന്ദി അറിയിക്കുന്നതായും സംഘടനാ പ്രസിഡന്റ് അഭിഭാഷകൻ സുബി തളപതി പറഞ്ഞു.