അഴീക്കോട്: തീരക്കടലില്‍ നിരോധിച്ച ഷോർ ട്രോളിംഗ് മത്സ്യബന്ധനം നടത്തിയ ബോട്ട് അധികൃതർ പിടികൂടി. ഫിഷറീസ് മറൈൻ എർഫോഴ്സ്മെന്റ് കോസ്റ്റൽ പൊലിസ് സംഘം പിഴയായി തൊണ്ണൂറായിരം രൂപ ഈടാക്കി. എറണാകുളം വടക്കൻ പറവൂർ വടക്കേക്കര സ്വദേശി ചാരക്കാട്ട് രാജുവിന്റെ ഉടമസ്ഥതയിലുള്ള നാരായണ എന്ന ബോട്ടാണ് പിടിച്ചെടുത്തത്.
തീരക്കടലില്‍നിന്നു കണ്ണിവലിപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ച് മത്സ്യങ്ങളെ കൂട്ടത്തോടെ കോരിയെടുക്കുന്ന രീതിയാണ് ഷോർ ട്രോളിംഗ്. ഇതു മത്സ്യസമ്പത്ത് കുറയാനിടയാക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിച്ച മത്സ്യ ബന്ധന രീതിയാണിത്.
ലൈസന്‍സ് പുതുക്കാതെ കരയോടു ചേര്‍ന്ന് മത്സ്യബന്ധനം നടത്തിവരികയായിരുന്നു ബോട്ട്. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം കേസെടുത്ത് തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. ബോട്ട് ഇനി മത്സ്യബന്ധനത്തിന് ഉപയോഗിക്കില്ല എന്ന വ്യവസ്ഥയില്‍ ഉടമസ്ഥന് വിട്ടുകൊടുത്തു.
മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് വിജിലന്‍സ് വിഭാഗം ഓഫിസര്‍മാരായ വി.എന്‍. പ്രശാന്ത്കുമാര്‍, വി.എം. ഷൈബു, ഇ.ആര്. ഷിനില്‍ കുമാര്‍, അഴീക്കോട് കോസ്റ്റല്‍ പൊലിസ് സ്റ്റേഷൻ സബ് ഇന്‍സ്പെക്ടർ പി.ആർ. തോമസ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.