മാനന്തവാടി: പടച്ചിക്കുന്നില് സാമൂഹ്യ വിരുദ്ധര്‍ ഏത്തവാഴകള്‍ വെട്ടിനശിപ്പിച്ചു. ആറുവാള്‍ സ്വദേശി ഐക്കരോട്ട്പറമ്പില് ബേബി പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷി ചെയ്തിരുന്ന 28 ഏത്തവാഴകളാണ് നശിപ്പിച്ചത്. ഇതില്‍ ഒരു വാഴ പൂര്‍ണമായും വെട്ടിമാറ്റുകയും ബാക്കിയുള്ള 27 വാഴകള്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് വരഞ്ഞ് നശിപ്പിക്കുകയുമായിരുന്നു.
രാവിലെ കൃഷിയിടത്തില്‍ ജോലിക്കായി എത്തിയ തൊഴിലാളികളാണ് വാഴകള്‍ നശിപ്പിച്ച നിലയില്‍ ആദ്യം കണ്ടത്.
തുടര്‍ന്ന് ഉടമയെ വിവരമറിയിക്കുകയായിരുന്നു. വളര്‍ച്ചയെത്തിയ വാഴകള്‍ നശിപ്പിക്കപ്പെട്ടതോടെ കര്ഷകന് വലിയ ആശങ്കയിലാണ്. കഴിഞ്ഞ മാസം മുട്ടില്‍ ചെലഞ്ഞിച്ചാലില്‍ 1350 വാഴകള്‍ സാമൂഹികവിരുദ്ധര്‍ വെട്ടി നശിപ്പിച്ചിരുന്നു. ബനാന ഫാര്‍മേഴ്സ് പ്രൊഡ്യൂസിംഗ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പൊലിസില്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് കര്ഷകന്.