കൽപ്പറ്റ: തെരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ(ഇഎൽസി) മുഖേന കോളജ്, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ്, ഉപന്യാസ രചനാ മത്സരങ്ങളിലെ ജില്ലാതല വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ കളക്ടർ വി. ചെൽസാസിനി വിതരണം ചെയ്തു. വിദ്യാർഥികൾ സമൂഹത്തിലെ പ്രശ്നങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയും അതിനുള്ള പരിഹാരങ്ങൾ നിർദേശിക്കുന്നതിനായി മുന്നോട്ട് വരികയും വേണമെന്ന് കളക്ടർ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്ന വിഷയങ്ങളിൽ സാധ്യമായ എല്ലാ പരിഹാരങ്ങളും നടപ്പാക്കുമെന്നും കളക്ടർ പറഞ്ഞു.
ജില്ലാതല ഉപന്യാസ രചന മത്സരത്തിൽ പുൽപ്പള്ളി വിജയ എച്ച്എസ്എസിലെ എം.എസ്. ദേവനന്ദ ഒന്നാം സ്ഥാനം നേടി. കല്ലോടി സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ എസ്.പി. ഷിയ, ദ്വാരക എസ്എച്ച്എച്ച്എസ്എസിലെ നിതാര സാബു എന്നിവർ രണ്ടാം സ്ഥാനവും നേടി. കോളജ് വിഭാഗത്തിൽ ബത്തേരി സെന്റ് മേരീസ് കോളജിലെ കെ. ബഹീജ് അംജാദ് ഒന്നാം സ്ഥാനവും പൂമല സിപിജിഎസ്എസ്ഡബ്ല്യുവിലെ ഐലിൻ മരിയ അബി രണ്ടാം സ്ഥാനവും നേടി.
ജില്ലാതല ക്വിസ് മത്സരത്തിൽ പനമരം ജിഎച്ച്എസ്എസിലെ അമ്റിൻ ഫസാൻ, തരിയോട് ജിഎച്ച്എസ്എസിലെ പി. കീർത്തന എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാനന്തവാടി ജിവിഎച്ച്എസ്എസിലെ മാർട്ടിൻ തോമസ് രണ്ടാം സ്ഥാനവും നേടി. കോളജ് വിഭാഗത്തിൽ ബത്തേരി സെന്റ് മേരീസ് കോളജിലെ സി. ഹിബാൻ ഒന്നാം സ്ഥാനവും മാനന്തവാടി കെയുസിയിലെ ടി. ആദിൽ രണ്ടാം സ്ഥാനവും നേടി. നിയോജക മണ്ഡലതലങ്ങളിൽ 210 വിദ്യാർഥികളും ജില്ലാതലത്തിൽ 60 വിദ്യാർഥികളും മത്സരങ്ങളിൽ പങ്കെടുത്തു. ജില്ലാതലത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കുമുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
കളക്ടറേറ്റ് മിനി കോണ്ഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സി. ബിജു അധ്യക്ഷത വഹിച്ചു. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാരായ കെ. മനോജ് കുമാർ, സുരേഷ് ബാബു, ഡെപ്യൂട്ടി കളക്ടർ ജയശ്രീ വാര്യർ, ജില്ലാ സ്വീപ്പ് നോഡൽ ഓഫിസർ പി.യു. സിതാര, ഇഎൽസി ജില്ലാ കോ-ഓർഡിനേറ്റർ സിനീഷ് ജോസഫ്, അധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.