ഗൂഡല്ലൂർ: നീലഗിരിയിലെ ഗൂഡല്ലൂർ മേഖലയിൽ ജയം ട്രസ്റ്റ് ശിപാർശ ചെയ്യുന്ന വായ്പാ പദ്ധതി (ജെഎൽജി) പ്രകാരം ഇന്ത്യൻ ബാങ്കിന്റെ ദേവർഷോല ശാഖയിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കലും ക്രമക്കേടുകളും നടത്തിയെന്ന് ആരോപിച്ച് പൊലിസിൽ പരാതി നൽകി. ജയം ട്രസ്റ്റ് ജീവനക്കാരും ചില ബാങ്ക് അഡ്മിനിസ്ട്രേറ്റർമാരും നിരപരാധികളായ ആദിവാസി സ്ത്രീകളെ വഞ്ചിച്ചെന്നും അവർ ആരോപിച്ചു. ഇതിനെതിരേ തമിഴ്നാട് ട്രൈബൽ പീപ്പിൾസ് അസോസിയേഷൻ നീലഗിരി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധ സമരം നടന്നിരുന്നു.
കടബാധ്യതയുള്ള ഇരുനൂറിലധികം സ്ത്രീകൾ പ്രതിഷേധത്തിൽ പങ്കെടുത്തു. ദേവർഷോല പൊലിസ് സ്റ്റേഷൻ പരിധിയലുള്ള തെരുപ്പക്കൊല്ലി, മൂലക്കാട്, പാലംവയൽ പ്രദേശങ്ങളിലെ ആദിവാസി സ്ത്രീകളും ദേവർഷോല പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. ഗൂഡല്ലൂർ സിപിഐ യൂണിയൻ സെക്രട്ടറി എ. മുഹമ്മദ് ഗനി, എ.എം. ഗുണശേഖരൻ, എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, അഭിഭാഷകൻ ഇർഷാദ് അഹമ്മദ്, മുതുകുളി പുനരധിവാസ അസോസിയേഷന്റെ സുരേഷ്, ആദിവാസി പീപ്പിൾസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. മഹേന്ദ്രൻ, സെക്രട്ടറി എം. കമലാക്ഷി, മുളക്കാട് പ്രസിഡന്റ് മാരി, കാലൻ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.