മുട്ടിൽ: ജില്ലാ സ്കൂൾ കലോത്സവം മൂന്ന് ദിവസം പിന്നിടുന്പോൾ സ്കൂൾ ഓവറോളിൽ ആധിപത്യം തിരിച്ചുപിടിച്ച് മാനന്തവാടി എംജിഎം എച്ച്എസ്എസ്. 190 പോയിന്റുമായാണ് എംജിഎംഎച്ച്എസ്എസിന്റെ കുതിപ്പ്. 143 പോയിന്റുമായി മാനന്തവാടി ജിവിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്താണ്. 135 പോയിന്റുമായി പിണങ്ങോട് ഡബ്ല്യുഒ എച്ച്എസ്എസ് മൂന്നാംസ്ഥാനത്തും 84 പോയിന്റുള്ള നടവയൽ സെന്റ് തോമസ് എച്ച്എസ് നാലാം സ്ഥാനത്തുമാണ്.
ഉപജില്ലയിൽ മാനന്തവാടിയുടെ മുന്നേറ്റം തുടരുകയാണ്. 769 പോയിന്റുമായാണ് ഉപജില്ലാ കിരീടത്തിലേക്ക് അവർ കുതിപ്പ് തുടരുന്നത്. 726 പോയിന്റുള്ള സുൽത്താൻ ബത്തേരിയാണ് രണ്ടാംസ്ഥാനത്തുള്ളത്. 647 പോയിന്റുമായി വൈത്തിരി മൂന്നാം സ്ഥാനത്താണ്.
ഹൈസ്കൂൾ വിഭാഗത്തിൽ മാനന്തവാടി എംജിഎം എച്ച്എസ്എസ് 110 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. പിണങ്ങോട് ഡബ്ല്യുഒ എച്ച്എസ്എസ് 75 പോയിന്റുമായി രണ്ടാം സ്ഥാനത്തും മാനന്തവാടി ജിവിഎച്ച്എസ്എസ് 68 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. യുപി വിഭാഗത്തിൽ മാനന്തവാടി എംജിഎം എച്ച്എസ്എസ് 35 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മാനന്തവാടി ലിറ്റിൽ ഫ്ളവർ യുപി സ്കൂൾ, പഴൂർ സെന്റ് ആന്റണീസ് എയുപി സ്കൂൾ, മുട്ടിൽ ഡബ്ല്യുഒ യുപി സ്കൂൾ എന്നിവർ 20 പോയിന്റുമായി രണ്ടാം സ്ഥാനത്തും 18 പോയിന്റുമായി കൽപ്പറ്റ എൻഎസ്എസ്ഇ എച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമാണ്.
45-ാമത് റവന്യു ജില്ലാ സ്കൂൾ കലോത്സവം അവസാന ദിനത്തിലേക്ക് കടക്കുന്പോൾ ആവേശകരമായ മുന്നേറ്റമാണ് സ്കൂളുകളും ഉപജില്ലകളും നടത്തുന്നത്. മനോഹരവും താളാത്മകവും ആശയസന്പുഷ്ടവുമായ അവതരണങ്ങൾ കാണികളും ഹർഷാരവത്തോടെയാണ് ഏറ്റെടുത്തത്.
ചവിട്ടുനാടകത്തിന്റെ വീറും വാശിയും വേദിയെ ഇളക്കിമറിച്ചു. ഓരോ ചവിട്ടിനും ഒപ്പം കയ്യടിയുടെ ആരവം ഉയർന്നു. യക്ഷഗാനം വേദിയിലെത്തിയപ്പോൾ കാണികൾ ശ്വാസമടക്കിപ്പിടിച്ചിരുന്നു.
ചമയത്തിന്റെ ഭംഗിയും വേഷത്തിന്റെ ഗാംഭീര്യവും ചുവടിന്റെ ചടുലതയും കണ്ട് കാണികളും വിസമയിച്ചു. മാർഗംകളി തുടങ്ങിയതോടെ വേദി ഭക്തിയുടെ താളത്തിലായി. വെള്ള വസ്ത്രവും താളാത്മകമായ ചുവടുകളും കാണികളുടെ മനം കവർന്നു. പളിയനൃത്തത്തിന്റെയും മലപ്പുലയാട്ടത്തിന്റെയും ഗോത്രത്താളങ്ങൾ മുഴങ്ങിയപ്പോൾ കൗമാരകലോത്സവം കാണാനെത്തിയവരംആവേശത്തിലായി. കൗമാരകലാമേള അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്.