മുട്ടില്‍: മാര്‍ഗംകളിയിലെ മേല്‍ക്കോയ്മ വിട്ടുനല്‍കാതെ സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്കൂളും മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളും മത്സരത്തില്‍ തുടര്‍ വിജയം ആവര്‍ത്തിച്ചു.
ഹൈസ്കൂള്‍ വിഭാഗത്തില്‍ തുടര്‍ച്ചയായി 36-ാമത് വര്‍ഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ബത്തേരി അസംപ്ഷന്‍ ഹൈസ്കൂള്‍ സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയിലേക്ക് യോഗ്യത നേടിയത്.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ തുടര്‍ച്ചയായി 27-ാത് വര്‍ഷവും ഒന്നാംസ്ഥാനം നിലനിര്‍ത്തിയാണ് മുള്ളന്‍കൊല്ലി സെന്റ് മേരീസ് എച്ച്എസ്എസ് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ എം.എസ്. അനാഗിത, ഇ.എ. ശിവന്യ, എന്‍.എം. അരുണിമ, അയലിന് റോയ്, എ.എസ്. ശ്രീമയി, ലക്ഷ്മി അനില്‍കുമാര്‍, അഞ്ജലിന് മരിയ ഷിബു എന്നിവരാണ് അസംപ്ഷന്‍ ഹൈസ്കൂള്‍ ടീമിലുണ്ടായിരുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ക്രിസ്റ്റീന ജില്‍സണ്‍, എയ്ഞ്ചല്‍ മരിയ ലിന്സണ്, റോസ് ഷാജി, എവ്ലിന് സുനില്‍, വി.ബി. എലേന, സിന്ഡ്രിയ, ടിയ തോമസ് എന്നിവരാണ് സെന്റ് മേരീസ് എച്ച്എസ്എസിനായി മത്സരിച്ചത്. തോമാസ്ലീഹയുടെ ഭാരതപര്യടനവും തുടര്‍ന്നുള്ള പ്രേഷിത പ്രവര്‍ത്തനങ്ങളും രക്തസാക്ഷിത്വം വരെയുള്ള ഭാഗങ്ങള്‍ കൂട്ടിയിണക്കിയാണ് മാര്‍ഗം കളിയില്‍ അവതരിപ്പിച്ചത്.
ജൂലൈ മുതല്‍ ആരംഭിച്ച ചിട്ടയായ പരിശീലനമാണ് ഇരു ടീമുകളുടെയും വിജയത്തിന് കരുത്തായത്. കോട്ടയം വെമ്പള്ളി സ്വദേശി ഇ.ടി. സെബാസ്റ്റ്യന്റെ ശിക്ഷണത്തിലാണ് ഇരു സ്കൂളുകളും പരിശീലനം നേടിയത്.
താരമായി ഗാഥ കല്യാണി
മുട്ടില്‍: നൃത്തത്തോടുള്ള ഇഷ്ടവും നിരന്തരമായ പരിശീലനവും കൈമുതലാക്കി കലോത്സവ വേദിയില്‍ മികവ് തെളിയിക്കുകയാണ് എം. ഗാഥ കല്യാണി. യുപി വിഭാഗം മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം മത്സരങ്ങളില്‍ എ ഗ്രേഡ് നേടിയാണ് ഗാഥ കലോത്സവ നഗരിയില്‍ ശ്രദ്ധേയമായത്.
സംഘ നൃത്തം, മലയാളം നാടകം എന്നീ മത്സര വിഭാഗങ്ങലില്‍ എ ഗ്രേഡ് സ്വന്തമാക്കിയതോടെ കലോത്സവത്തിലെ മിന്നും താരമായി മാറിയിരിക്കുകയാണ് ഈ ഏഴാം ക്ലാസുകാരി.
2025 ല്‍ നടന്ന ജില്ലാതല കലോത്സവത്തില്‍ മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം എന്നീ ഇനങ്ങളില്‍ എ ഗ്രേഡ് നേടിയിരുന്നു. തുടര്‍ച്ചയായി രണ്ട് വര്‍ഷം ഒരേ നൃത്ത ഇനങ്ങളില്‍ മികച്ച വിജയം ആവര്‍ത്തിക്കാനായത് ഗാഥയുടെ കലാപരമായ മികവിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവാണ്. മാനന്തവാടി ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂളിലെ വിദ്യാര്‍ഥിനിയാണ് ഗാഥ.
സയന്ത്, അനന്യ സയന്ത് എന്നിവരുടെ ശിക്ഷണത്തിലാണ് നൃത്ത പരിശീലനം. വി.എന്‍. മനോജിന്റെയും അശ്വതി സുരേഷിന്റെയും മകളാണ്. അടുത്ത വര്‍ഷം സംസ്ഥാനതല കലോത്സവത്തില്‍ മത്സരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചുകലാകാരി.
മോഹിനിയാട്ടത്തില്‍ അവന്തിക
മുട്ടില്‍: മോഹിനിയാട്ടത്തിലെ അജയ്യത നിലനിര്‍ത്തികൊണ്ട് തുടര്‍ച്ചയായ നാലാം വര്‍ഷവും ടി.എസ്. അവന്തിക വിജയകിരീടം ചൂടി.
ഹൈസ്കൂള്‍ വിഭാഗം മോഹിനിയാട്ടത്തിലാണ് കല്ലോടി സെന്റ് ജോസഫ്സ് സ്കൂളിലെ ഈ പത്താം ക്ലാസുകാരി തുടര്‍ച്ചയായ വിജയം നേടിയത്. സതി അനുഷ്ഠിക്കുന്നത് മോഹിനി വേഷത്തില്‍ ആടിയാണ് ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയത്. ആറാം ക്ലാസ് മുതലാണ് മോഹിനയാട്ടം പരിശീലനത്തിന് തുടക്കമിട്ടത്.
അന്നുമുതല്‍ തുടര്‍ച്ചയി ഒന്നാം സ്ഥാനം നിലനിര്‍ത്തിവരുകയാണ് ഈ മിടുക്കി. സംസ്ഥാന തലത്തില്‍ കഴിഞ്ഞ രണ്ട് തവണയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. അധ്യാപക ദമ്പതികളായ ശ്രീജിത്ത്-അര്‍ച്ചന ദമ്പതികളുടെ മകളാണ് . സജേഷ് നായരാണ് ഗുരു.
ഓട്ടന്തുള്ളലില് തിളങ്ങി ശിവന്യ
മുട്ടില്‍: 45-ാമത് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഓട്ടന്തുള്ളല് മത്സരത്തില്‍ തിളങ്ങി മാനന്തവാടി ജിവിഎച്ച്എസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ശിവന്യ ദിനേശ്. ആദ്യമായാണ് ശിവന്യ ഓട്ടന്തുള്ളല് മത്സരത്തില്‍ പങ്കെടുക്കുന്നത്.
ആദ്യ മത്സരത്തില്‍ തന്നെ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടാനായതിന്റെ ഇരട്ടി സന്തോഷത്തിലാണ്. കലാമണ്ഡലം പ്രഭാകരന് പുന്നശേരിയാണ് ഗുരു. ദിനേശിന്റെയും രാജശ്രീ ദിനേശിന്റെയും മകളായ ശിവന്യ നാലാം വയസ് മുതല്‍ കലാ പരിശീലനം നടത്തുന്നുണ്ട്. കഥകളി, മോഹിനിയാട്ടം, കുച്ചിപ്പുടി നൃത്തരൂപങ്ങളിലും ശിവന്യ പരിശീലനം നേടുന്നുണ്ട്. സംസ്ഥാന കലോത്സവ വേദിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള തയാറെടുപ്പിലാണ് ശിവന്യ.
ചവിട്ടുനാടകത്തില്‍ വിജയം തുടര്‍ക്കഥയാക്കി മാനന്തവാടി എംജിഎം എച്ച്എസ്എസ്
മുട്ടില്‍: ഹൈസ്കൂള്‍ വിഭാഗം ചവിട്ടുനാടക മത്സരത്തില്‍ ആറാം വര്‍ഷവും വിജയം തുടര്‍ക്കഥയാക്കി മാനന്തവാടി എംജിഎം എച്ച്എസ് സ്കൂള്‍. സ്വര്‍ഗത്തിലെ മാലാഖയായ മിഖായേലും സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കപ്പെട്ട ലൂസിഫറും തമ്മിലുള്ള പോരാട്ടമാണ് ചവിട്ടുനാടകത്തിന്റെ പ്രമേയം. അധ്യയനവര്‍ഷാരംഭത്തോടെ തുടര്‍ച്ചയായ പരിശീലനത്തിലൂടെയാണ് വിദ്യാര്‍ഥികള്‍ അരങ്ങിലെത്തിയത്.
ചവിട്ടുനാടക പരിശീലകന് റോയ് ജോര്‍ജാണ് കഴിഞ്ഞ ആറു വര്‍ഷമായി ടീമിന് പരിശീലനം നല്‍കുന്നത്. ആര്. തനുശ്രീ, വി. ഋതിക, സിയ ഡൊമിനിക്, എസ്. അനിക, അലീന, അധിനിയ, ബെനിറ്റ, ബി. സെബാസ്റ്റ്യന്‍ ലൊറൈന്‍, അലോണ, ആന്‍ഡ്രിയ എന്നിവരാണ് ടീമംഗങ്ങള്‍.