Editorial Audio
സൗന്ദര്യവർധക വസ്തുക്കൾ തനിനിറം കാട്ടിത്തുടങ്ങി. പ്രോട്ടീൻ പൊടികളാകാം അടുത്ത ദുരന്തം. തങ്ങൾ നിശ്ചയിച്ച മാനദണ്ഡങ്ങളില്ലെങ്കിൽ ആരോഗ്യവും സൗന്ദര്യവുമില്ലെന്ന അപകർഷതാബോധം സൃഷ്ടിച്ച വിപണിക്ക് സർക്കാർ തണൽ.
ഇന്ത്യൻ യുവത്വത്തെ കൊന്നും കാശുണ്ടാക്കാനിറങ്ങിയ ഫെയർനെസ് ക്രീമിനെതിരേ പ്രതികരിച്ച മലപ്പുറത്തെ പെൺകുട്ടിക്കു മുന്നിൽ അഭിമാനപൂർവം കേരളം ശിരസു നമിക്കുന്നു. ആ പെൺകുട്ടിയുടെയത്രപോലും ഉത്തരവാദിത്വമില്ലാതെ ഇത്രകാലം മെർക്കുറി നിറഞ്ഞ ക്രീമുകൾ വിറ്റഴിക്കാൻ വഴിയൊരുക്കിയ സർക്കാർ സംവിധാനങ്ങൾക്കു മുന്നിലും ശിരസു കുനിക്കുന്നു; നാണംകെട്ട്. മറ്റൊരു ദുരന്തവും പടിവാതിൽക്കലുണ്ട്. പെട്ടെന്നു മസിൽ പെരുപ്പിക്കാനുള്ള പ്രോട്ടീൻ പൗഡർ! ഓൺലൈനിലൂടെ മാത്രം കോടികൾ മറിയുന്ന കച്ചവടം. അതു വളർത്താനാണോ തളർത്താനാണോയെന്നുപോലും ഈ സൗന്ദര്യ-ആരോഗ്യ വാണിഭക്കാരുടെ കപ്പം വാങ്ങുന്നവർ അന്വേഷിക്കുന്നില്ല.
മുഖക്കുരുവും കറുത്ത പാടുകളും മാറുമെന്ന ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർമാരുടെ പരസ്യ വീഡിയോകൾ കണ്ടാണ് മലപ്പുറം അരീക്കോട് സ്വദേശിനിയായ പെൺകുട്ടി അതു വാങ്ങിയത്. ഫലം കണ്ടതോടെ ഒരു വർഷത്തിനിടെ മൂന്നു പായ്ക്കറ്റുകൾ വാങ്ങി. താമസിയാതെ കാലുകളിലും മുഖത്തും നീരുണ്ടാകുകയും നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. മൂത്രമൊഴിക്കുമ്പോൾ ബിപി പെട്ടെന്ന് കുറയുന്നതും തലകറങ്ങി വീഴുന്നതും പതിവായതോടെയാണ് ആശുപത്രിയിലെത്തിയത്. വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന ‘മെംബ്രനസ് നെഫ്രോപ്പതി’ രോഗം സ്ഥിരീകരിച്ചു.
ക്രീമിൽ അനുവദനീയമായ ഒരു പിപിഎമ്മിന്റെ (പാർട്സ് പെർ മില്യൺ) സ്ഥാനത്ത് 12,500 പിപിഎം മെർക്കുറി! ഇത്തരം ക്രീമുകൾ ഉപയോഗിച്ചതിനെത്തുടർന്ന് വൃക്കരോഗം ബാധിച്ചതായി ഗായകൻ സലിം കോടത്തൂരും വെളിപ്പെടുത്തി. പലരും വിവരം വെളിപ്പെടുത്താൻ മടിക്കുന്നുണ്ടാകും. മഹാരാഷ്ട്രയിലെ നാഗ്പുരിൽ 18 സ്ത്രീകൾക്ക് വൃക്കരോഗം ബാധിച്ച സംഭവത്തിലും മുഖകാന്തി ക്രീമുകളായിരുന്നു വില്ലനെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കണ്ടെത്തിയിരുന്നു.
അമേരിക്കയിലെ സർക്കാരിതര സംഘടനയായ ക്യാംപെയിൻ ഫോർ സേഫ് കോസ്മെറ്റിക്സ് 2022ൽ നടത്തിയ ഗവേഷണത്തിൽ 33 പ്രമുഖ ബ്രാൻഡുകളുടെ ലിപ്സ്റ്റിക്കുകളിൽ പോലും 61 ശതമാനത്തോളം ഈയം കണ്ടെത്തി. ഇത് അക്രമവാസന, വിളർച്ച, മസ്തിഷ്ക-വൃക്ക തകർച്ചകൾ എന്നിവയുടെ സാധ്യത വർധിപ്പിക്കും. ലിപ്സ്റ്റിക് ഗ്ലോസിയാക്കുന്ന ബൂട്ടയിൽ ബെൻസോയിൽ ഫൈതലൈറ്റ് സ്തനാർബുദത്തിനു കാരണമാകുമെന്നാണ് ഫിലാഡൽഫിയ ഫോക്സ് ചേസ് കാൻസർ സെന്ററിലെ ശാസ്ത്രജ്ഞരുടെ അഭിപ്രായം.
അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയൺമെന്റൽ ഹെൽത്ത് സയൻസസ് നടത്തിയ പഠനമനുസരിച്ച്, പെർഫ്യൂമുകളിലും നെയിൽ പോളിഷുകളിലും അടങ്ങിയിരിക്കുന്ന താലേറ്റുകൾ, ക്രീമുകളും ലോഷനുകളും കേടാകാതിരിക്കാൻ ചേർക്കുന്ന പാരബെനുകൾ, സൺസ്ക്രീനുകളിലെ ഓക്സിബെൻസോൺ എന്നിവ ശരീരത്തിലെ സ്വാഭാവിക ഹോർമോൺ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നു. ഇത് പ്രത്യുത്പാദനശേഷിയെ ബാധിക്കാനും കുട്ടികളിൽ നേരത്തേയുള്ള പ്രായപൂർത്തിയാകലിനും കാരണമാകും.
ഗ്രാൻഡ് വ്യൂ റിസർച്ചിന്റെ കണക്കനുസരിച്ച്, മേക്കപ്പ്, സ്കിൻകെയർ എന്നിവ മാത്രം ഉൾപ്പെടുന്ന 2025ലെ ഇന്ത്യൻ വിപണി 1.95 ലക്ഷം കോടി രൂപ മുതൽ 2.60 ലക്ഷം കോടി രൂപ വരെയാണ്. കേരളത്തിലെ കണക്കുകൾ ലഭ്യമല്ലെങ്കിലും ഏകദേശം 4,000 കോടി മുതൽ 10,000 കോടി വരെയാകാം. ഇതിന്റെയൊക്കെ ഗുണനിലവാരം ഉറപ്പാക്കാനുള്ള സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡാർഡ് കൺട്രോൾ ഓർഗനൈസേഷനും സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പുമൊക്കെ എവിടെയാണ്? കേരളത്തിൽ തുടങ്ങിയിരിക്കുന്ന ‘ഓപ്പറേഷൻ സൗന്ദര്യ’ ഏതാനും കടകളിൽനിന്നു വിഷക്കുപ്പികൾ കണ്ടെടുക്കാൻ മാത്രമാകരുത്. ഭാവിയിൽ അതു വിൽക്കില്ലെന്ന് ഉറപ്പാക്കാനുമുള്ളതാകണം.
സഹസ്രകോടികളുടെ സൗന്ദര്യവർധക വസ്തുക്കൾ വിഷം കലർത്തി വിറ്റ് മനുഷ്യരെ രോഗികളാക്കുന്നു. പിന്നീട് അതു പരിഹരിക്കാനുള്ള മരുന്നുവിൽപന. സർക്കാർ ഒന്നും അറിയുന്നുമില്ല. അന്തർധാരകൾ സജീവമായതുപോലെ. വെളുപ്പാണ് സൗന്ദര്യത്തിന്റെ അടിസ്ഥാനനിറമെന്ന വിപണിയുടെ നുണ പ്രചരിപ്പിച്ച നടീനടന്മാരും സമൂഹമാധ്യമ ഇൻഫ്ലുവൻസർമാരും കോടികൾ കൊയ്യുന്നു; നാം രോഗങ്ങളും. വിവാദമായതെന്നു കരുതുന്ന ഫേസ് ക്രീം ഈ നിമിഷവും ഓൺലൈനിൽ വിറ്റുകൊണ്ടിരിക്കുകയാണെന്നു മറക്കരുത്.
വിദ്യാര്‍ഥികളുടെ അച്ചടക്കം, മൊബൈല്‍ ഫോണ്‍ ഉപയോഗം, ലഹരിവിരുദ്ധ നടപടികള്‍, സൗന്ദര്യവര്‍ധക വസ്തുക്കളുടെ അപകടകരമായ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് ഒക്ടോബർ 23ന് ഉത്തരവിറക്കിയിരുന്നു. പക്ഷേ, പൊതുവിദ്യാഭ്യാസവകുപ്പ് അനങ്ങിയിട്ടില്ല. ലിപ്സ്റ്റിക് ഉപയോഗിക്കരുതെന്നു പറയുന്ന അധ്യാപകരോട് എന്റെ കുട്ടി ഉപയോഗിച്ചാൽ നിങ്ങൾക്ക് എന്താ കുഴപ്പമെന്നു ചോദിക്കുന്ന രക്ഷാകർത്താക്കൾ കേരളത്തിലുണ്ട്. അതിനുള്ള മറുപടിയാണ് മലപ്പുറത്തെ വിദ്യാർഥിനി പറഞ്ഞിരിക്കുന്നത്.
വ്യായാമകേന്ദ്രങ്ങളിൽ പോകുന്നവരും അല്ലാത്തവരുമൊക്കെ ഉപയോഗിക്കുന്ന പ്രോട്ടീൻ പൗഡറുകളും താമസിയാതെ വില്ലനാകും. ഇവയുടെ അമിതവും അശാസ്ത്രീയവുമായ ഉപയോഗം, അല്ലെങ്കിൽ ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളിലെ മെർക്കുറി, ലെഡ്, കാഡ്മിയം, ആർസെനിക് തുടങ്ങിയവ വൃക്ക, കരൾ എന്നിവയുടെ തകരാറുകൾ ഉൾപ്പടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. കിലോയ്ക്ക് 2000-3000 വിലയുള്ള പ്രോട്ടീൻ പൗഡർ പായ്ക്കറ്റുകളിലെ പരസ്യത്തിൽ തൃപ്തരാകാതെ സർക്കാർ ലാബുകളിൽ പരിശോധിക്കുകയാണു വേണ്ടത്.
വിദ്യാലയങ്ങളിൽ ബോധവത്കരണം തുടങ്ങാൻ ഒരു നിമിഷം വൈകരുത്. സമൂഹമാധ്യമങ്ങളുടെ സ്വാധീനം അത്ര വലുതായിരിക്കുന്നു. സഹപാഠികളെപ്പോലെ ലിപ്സ്റ്റിക് വാങ്ങാൻ പണമില്ലാതിരുന്നതിനാൽ എന്തോ നിറം കലക്കി ഉപയോഗിച്ച കുട്ടിയുടെ ചുണ്ടുകൾ പൊള്ളിയ റിപ്പോർട്ടും നിസാരമായെടുക്കരുത്.
വിദ്യാലയങ്ങളിൽ തുല്യതയുടെയും ലാളിത്യത്തിന്റെയും പേരിൽ ഇവ നിയന്ത്രിക്കാൻ എളുപ്പമാണ്. രക്ഷാകർത്താക്കൾ ശ്രദ്ധാലുക്കളും കുട്ടികൾക്കു മാതൃകയുമാകണം. സൗന്ദര്യവർധക വസ്തുക്കൾ പൂർണമായും ഒഴിവാക്കുന്ന സ്ത്രീ-പുരുഷന്മാരുണ്ട്. അത്ര ആത്മവിശ്വാസമില്ലാത്തവരും സൗന്ദര്യവർധക വസ്തുക്കൾ കുറച്ചുനാൾ ഉപയോഗിച്ചതിനാൽ ശരീരത്തിന്റെ സ്വാഭാവിക നിറവും ഭംഗിയും തിരികെ ലഭിക്കില്ലെന്നു കരുതുന്നവരും ഗുണമേന്മ ഉറപ്പാക്കണം.
ശുചിത്വവും കാലാനുസൃത വേഷവും സൗന്ദര്യബോധവും ആവശ്യമാണ്. പക്ഷേ, തങ്ങൾ നിശ്ചയിച്ച മാനദണ്ഡങ്ങളില്ലെങ്കിൽ സൗന്ദര്യമില്ലെന്ന അപകർഷതാബോധം സൃഷ്ടിക്കലാണ് സൗന്ദര്യവർധക വിപണിയുടെ ആദ്യ കെണി. നാം അതിൽ വീണോയെന്ന അന്വേഷണം വീട്ടിലെ നിലക്കണ്ണാടിയുടെ പരിസരത്തെ മേക്കപ്പ് പെട്ടിയിൽനിന്നു തുടങ്ങാം.
Tags : Editorial