"മധുരമേറുന്ന' പൈനാപ്പിൾ
Wednesday, April 30, 2025 11:08 AM IST
കേരളത്തിൽ വിസ്തൃതി വ്യാപനത്തിൽ ഒന്നാം സ്ഥാനത്തുള്ള കൃഷി ഏതെതെന്നതിന് ഒറ്റ ഉത്തരമേയുള്ളൂ, പൈനാപ്പിൾ. സംസ്ഥാനത്ത് അഞ്ചര ലക്ഷം ഹെക്ടറിലുള്ള റബറിൽ ആവർത്തന കൃഷി കുറഞ്ഞുവരുന്നു.
ഇവിടെയും പുതിയ സാധ്യതയായി മാറിയത് പൈനാപ്പിളാണ്. റബർ കൃഷി തുടരുന്നവരും സ്ഥലം കന്നാര കൃഷിക്ക് പാട്ടത്തിനു കൊടുക്കാൻ താത്പര്യപ്പെടുന്നു. ഏക്കറിന് ഒരു ലക്ഷം രൂപ വരെ വാർഷിക പാട്ടത്തുക ലഭിക്കും.
കന്നാരയ്ക്കിടയിൽ മൂന്നു വർഷം റബർ തൈ നട്ടു വളർത്തിത്തരികയും ചെയ്യും. ഇത്തരത്തിൽ എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മലയോരങ്ങളേറെയും കൈത അഥവാ കന്നാരയിലേക്കു ചുവടു മാറ്റിക്കഴിഞ്ഞു.
നിലവിൽ കേരളത്തിൽ അറുപതിനായിരം ഹെക്ടറിൽ കൈതകൃഷിയുണ്ട്. റബർ മരങ്ങൾ വെട്ടിയ തോട്ടങ്ങളിൽ പുതിയ തൈ വയ്ക്കുന്നതിനൊപ്പം രണ്ടു മൂന്നു വർഷം കപ്പയും കാച്ചിലും ചേനയും ചേന്പും നട്ടിരുന്ന രീതിയും ഇല്ലാതായി.
കൃഷിച്ചെലവ്, കൂലിവർധന, തൊഴിലാളിക്ഷാമം, വിലയിടിവ്, വന്യമൃഗശല്യം, കാലാവസ്ഥാ വ്യതിയാനം, വിദേശ കുടിയേറ്റം തുടങ്ങിയ കാരണങ്ങളാൽ പഴയകാല നടീൽ കൃഷികൾ വേണ്ടെന്നു വച്ചു സ്ഥലം കൈതയ്ക്കു കൊടുക്കാൻ തുടങ്ങി.
ഓരോ വർഷവും ആറു ലക്ഷം ടണ് പൈനാപ്പിൾ വിളയിക്കുന്നതിലൂടെ സംസ്ഥാനത്തിന് രണ്ടായിരം കോടിയിലേറെ രൂപ വരുമാനമുണ്ട്. പൈനാപ്പിൾ സിറ്റി എന്നറിയപ്പെടുന്ന വാഴക്കുളം വഴിയാണ് കേരളത്തിന്റെ പൈനാപ്പിൾ പെരുമ വണ്ടി കയറുന്നത്.
ഭൗമസൂചക പദവി ലഭിച്ച വാഴക്കുളം പൈനാപ്പിളിന്റെ മണവും രുചിയും വലിപ്പവുമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. പ്രാദേശിക വിപണിക്കു പുറമേ വടക്കേ ഇന്ത്യയും ഗൾഫുമാണ് പൈനാപ്പിളിന്റെ പ്രധാന വിൽപന കേന്ദ്രങ്ങൾ. എ,ബി,സി,ഡി ഗ്രേഡുകളിലാണ് വിപണനം.
ഒരു കിലോയ്ക്ക് മുകളിലുള്ള ചക്കകളാണ് എ ഗ്രേഡ്. 600 ഗ്രാം മുതൽ ഒരു കിലോവരെ ബി ഗ്രേഡും അതിനു താഴെ സി, ഡി ഗ്രേഡുകളും. ഗ്രേഡനുസരിച്ചാണ് വില. ഏക്കറിന് ഒൻപതിനായിരം തൈകളാണ് സാധാരണ നടുക. 12 ടണ്വരെ വിളവു കിട്ടും.
ഒന്നാം വർഷം മുതൽ വിളവെടുക്കാം. മൂന്നുവർഷം വരെ വിളവെടുപ്പ് തുടരാം. സാധാരണ തോതിലുള്ള വേനലിനെ അതിജീവിക്കാൻ ശേഷിയുള്ള വിളയാണിത്. 600- 2500 മില്ലിമീറ്റർ ശരാശരി മഴ കൃഷിക്ക് അനുയോജ്യമാണ്. 1000-1500 മില്ലിമീറ്റർ മഴയാണ് ഏറ്റവും അനുയോജ്യം.
പൈനാപ്പിൾ കൃഷിയിലേക്ക് കർഷകർ ആകർഷിക്കപ്പെടുന്നതിന്റെ കാരണം വരുമാനം പെട്ടെന്ന് ലഭിക്കുമെന്നതാണ്. റബർ തൈ നട്ടാൽ ഏഴു വർഷം വേണ്ടിവരും ടാപ്പിംഗ് തുടങ്ങാൻ. കാലാവസ്ഥ ഉൾപ്പെടെ മറ്റ് പല ഘടകങ്ങളും അനുകൂലമായി വരികയും വേണം.
ഗൾഫ് രാജ്യങ്ങളിലേക്ക് കപ്പൽ മാർഗവും പരീക്ഷണാടിസ്ഥാനത്തിൽ പൈനാപ്പിൾ കയറ്റി അയച്ചു തുടങ്ങിയിട്ടുണ്ട്. വാഴക്കുളത്ത് നിന്ന് ഒമാനിലേക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം കയറ്റി അയച്ചത്.
നിലവിൽ വിമാന മാർഗം ഗൾഫ് രാജ്യങ്ങളിലെത്തിക്കാൻ ഒരു കിലോ പൈനാപ്പിളിന് 100 രൂപയ്ക്കടുത്താണ് ചെലവ്. കപ്പലിൽ ചെലവ് കിലോ 20 രൂപ മാത്രം. പരീക്ഷണം വിജയിച്ചാൽ ഗൾഫിലേക്കുള്ള കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടമുണ്ടാകും.
കപ്പൽ മാർഗം പൈനാപ്പിൾ ഗൾഫ് രാജ്യങ്ങളിൽ എത്തിക്കാൻ എട്ട് ദിവസം വേണം. ഒരേ വലിപ്പവും തൂക്കവുമുള്ള നിശ്ചിത ദിവസം പാകമായ പച്ച പൈനാപ്പിൾ പ്രത്യേകം തയാറാക്കിയ കാർട്ടണിൽ പായ്ക്ക് ചെയ്താണ് കണ്ടെയ്നർ കപ്പലിൽ കയറ്റുക.
എംഡി 2 പുതിയ പ്രതീക്ഷ
ക്യൂൻ എന്നറിയപ്പെടുന്ന ക്യൂ ഇനവും മൗറീഷ്യസ് ഇനവുമാണ് കേരളത്തിൽ കൂടുതലായി കൃഷി ചെയ്യുന്നത്. ഒരു ചെടിയിൽനിന്ന് ഒന്നാം വിളവെടുത്ത് കഴിഞ്ഞാൽ അതിൽനിന്ന് പൊട്ടിമുളക്കുന്ന തൈയിൽനിന്ന് പിന്നീടും വിളവെടുക്കാം.
ഇത്തരത്തിൽ പരമാവധി മൂന്ന് വർഷംവരെ വിളവ് ലഭിക്കും. എന്നിരിക്കെയും അത്യുൽപാദനശേഷിയുള്ള എംഡി 2 ഇനം പോലുള്ള പുതിയ സാധ്യതകളിലേക്കു ഒരു വിഭാഗം കർഷകർ മാറിയിട്ടുണ്ട്.
ഗോൾഡൻ റൈപ്, സൂപ്പർ സ്വീറ്റ് എന്നെല്ലാം വിശേഷണമുള്ള എംഡി 2 വിന് വിപണിയിൽ വലിയ ഡിമാൻഡുണ്ട്. മൗറീഷ്യസ് ഇനം പാകമായാൽ അപ്പോൾതന്നെ വിളവെടുക്കണം.
വിപണി അനുകൂലമല്ലെങ്കിൽ നഷ്ടമുണ്ടാകും. ഇത് വരുമാനത്തെയും കയറ്റുമതിയെയും ബാധിക്കും. മൗറീഷ്യസിനേക്കാൾ കൂടുതൽ സൂക്ഷിപ്പുകാലമുള്ള എംഡി 2 ഇനം കൂടി കൃഷി ചെയ്യാനായാൽ കയറ്റുമതി വിപണി കൂടി പ്രയോജനപ്പെടുത്താനാകുമെന്നതാണ് നേട്ടം.
മൗറീഷ്യസ് പൈനാപ്പിളിന്റെ കോണ് ആകൃതി യന്ത്രസഹായത്താലുള്ള മൂല്യവർധനയ്ക്കു പ്രയാസമുണ്ടാക്കുന്നുണ്ട്. സിലിണ്ടർ ആകൃതിയുള്ള എംഡി 2വിന്റെ മൂല്യവർധന എളുപ്പമാണ്. മൗറീഷ്യസിന്റെ തൊലിക്കു താഴെയുള്ള കണ്ണിന് ആഴം കുടുതലായതിനാൽ കൂടുതൽ കനത്തിൽ തൊലി ചെത്തി നീക്കേണ്ടിവരും.
എഡി 2വിന് അതു കുറവായതിനാൽ തൊലി നീക്കുന്പോൾ നഷ്ടം 30 ശതമാനം വരെ കുറയും. രുചിയിലും മധുരത്തിലും എംഡി 2 ഏറെ മെച്ചവുമാണ്. എന്നാൽ ഇതിന്റെ വിത്ത് വേണ്ട അളവിലും ന്യായവിലയ്ക്കും ലഭിക്കുന്നില്ലെന്നതാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി.
പരിമിതമായെങ്കിലും ലഭിക്കുന്നത് ടിഷ്യുകൾച്ചർ തൈകളാണ്. മൗറീഷ്യസ് ഇനം കൃഷി ചെയ്യുന്പോൾ നടീൽവസ്തുവായി ചെടിയിൽ പൊട്ടിമുളയ്ക്കുന്ന വിത്ത് അഥവാ കാനിയാണ് ഉപയോഗിക്കുന്നത്.
അതുകൊണ്ടുതന്നെ സ്ഥിരം കൃഷിക്കാർക്ക് തൈക്ക് പണം മുടക്കേണ്ടി വരുന്നില്ല. ഈ സാഹചര്യത്തിൽ ഉയർന്ന വില കൊടുത്തു പുതിയ ഇനത്തിന്റെ ടിഷ്യുകൾചർ തൈകൾ വാങ്ങി കൃഷി ചെയ്യാൻ കർഷകർ തയാറാവില്ല.
കാർഷിക സർവകലാശാലയുടെ പൈനാപ്പിൾ ഗവേഷണകേന്ദ്രം അടുത്ത കാലംവരെയും എംഡി 2 തൈ ഒന്നിന് 20 രൂപ നിരക്കിലാണ് വിതരണം ചെയ്തിരുന്നത്. അടുത്തയിടെ വില വർധിപ്പിച്ചത് തിരിച്ചടിയായി.
മൗറീഷ്യസ് ഇനം കാനി നട്ട് 12 മാസം പിന്നിടുന്നതോടെ ആദ്യ വട്ടം വിളവെടുപ്പു നടക്കും. എംഡി 2 ഇനത്തിനത് 18 മാസം വരെയെടുക്കും. മുളയ്ക്കുന്ന കാനികളുടെ എണ്ണവും കുറവായിരിക്കും. ഇതും കർഷകരെ പിന്തിരിപ്പിക്കുന്ന ഘടകമാണ്. അതേസമയം, എംഡി 2 കൃഷി വ്യാപകമായാൽ ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കാനാകും.
ടിഷ്യുക്കൾച്ചർ തൈകൾ ലഭിച്ചാൽ 12 മാസം കൊണ്ടുതന്നെ എംഡി 2 വിളവെടുക്കാമെന്നാണ് അനുഭവസ്ഥരായ കർഷകർ പറയുന്നത്. കൃഷി വിപുലമാകുന്നതോടെ കാനികളും ലഭ്യമായിത്തുടങ്ങും. മൗറീഷ്യസ് ഇനം ഏക്കറിൽ 10,000 തൈകളാണ് നടുന്നത്.
എന്നാൽ മുള്ളില്ലാത്ത ഇനമായ എംഡി 2 കൂടുതൽ അടുപ്പിച്ച് 18,000-25,000 വരെ തൈകൾ നടാം. അത്തരത്തിൽ ഉൽപാദനവും ഇരട്ടിയാകും.
ഫോണ്: 9349599102