സർക്കാർ സൗകര്യങ്ങളെ പ്രയോജനപ്പെടുത്തണം, കൂടുതൽ വനിതകൾ കടന്നു വരണം
സർക്കാർ സൗകര്യങ്ങളെ പ്രയോജനപ്പെടുത്തണം കൂടുതൽ വനിതകൾ കടന്നു വരണം
പരിചയസന്പന്നരായ വനിത പ്രൊഫഷണലുകൾ സ്റ്റാർട്ടപ്പ് സംരംഭങ്ങളിലേക്ക് കടന്നു വരണമെന്ന് സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി എം. ശിവശങ്കർ പറഞ്ഞു.
വിദ്യാർത്ഥികളുടെ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പുകളാണ് കേരളത്തിൽ ആദ്യകാലത്തുണ്ടായിരുന്നതെങ്കിൽ പിന്നീട് വ്യവസായത്തിൽ മുൻപരിചയമുള്ള പ്രൊഫഷണലുകൾ സ്റ്റാർട്ടപ്പുകളുമായി മുന്നോട്ടു വന്നു തുടങ്ങി.എന്നാൽ ഈ പ്രൊഫഷണലുകളിലും വനിതകൾ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ സ്ഥാപകാംഗങ്ങളിൽ ഒരു വനിതയെങ്കിലുമുള്ള സംരംഭങ്ങൾ 18 ശതമാനം വരെയുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് കൂടുതലാണെങ്കിലും കേരളത്തിൽ സ്ഥിതി മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംരംഭകരും സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവരുമായ വനിതകളെ കേൾക്കാൻ വേണ്ടിയാണ് ഈ ഉച്ചകോടി സംഘടിപ്പിച്ചത്. അവരുടെ നിർദ്ദേശങ്ങൾ ഭാവിയിലെ സർക്കാർ നയരൂപീകരണത്തിൽ ഉൾക്കൊള്ളിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വനിത സ്റ്റാർട്ടപ്പുകൾക്കായി

വനിതാ സ്റ്റാർട്ടപ്പുകൾക്ക് വേണ്ടി നിലവിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ നിരവധി പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്.
* വനിതാ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് മൂന്നു മാസത്തേക്ക് സൗജന്യമായ പ്രീ ഇൻകുബേഷൻ സൗകര്യം
* ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നതിനും അതിനാവശ്യമായ വിദേശയാത്രകൾ ഉൾപ്പെടെ സൗജന്യമായി നടത്തുന്നതിനുമുളള സൗകര്യം
* സാങ്കേതികവിദ്യാ കൈമാറ്റത്തിന് പത്തു ലക്ഷം രൂപ വരെ സഹായം എന്നിവ നൽകുന്നുണ്ട്.

പ്രതിബന്ധങ്ങളെ മറികടക്കണം

സാമൂഹികമായ നിയന്ത്രണങ്ങളെ മറികടക്കുകയെന്നതാണ് സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു കോളജുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐഇഡിസികളിൽ വനിത അധ്യാപകരുടെ പ്രാതിനിധ്യം വളരെക്കുറവാണ്. ഈ സ്ഥിതി മാറണം. കൂടുതൽ വനിത അധ്യാപകർ ഉണ്ടാകണം. ആശയാവതരണത്തിൽ പലപ്പോഴും മുൻപന്തിയിൽ പെണ്‍കുട്ടികളാണ്. എന്നാൽ ഈ ആശയങ്ങളെ മികച്ച രീതിയിൽ പരിഗണിക്കണമെങ്കിൽ വിലയിരുത്തൽ സംവിധാനത്തിലും സ്ത്രീ പ്രാതിനിധ്യം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.