ഭവന വായ്പ എടുക്കുന്പോൾ
ഭവന വായ്പ എടുക്കുന്പോൾ
ജോയി ഫിലിപ്പ്

ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ ധനകാര്യ തീരുമാനങ്ങളിലൊന്നാണ് വീടു വാങ്ങുകയെന്നത്. ജോലി കിട്ടുകയും കുടുംബമാവുകയും ചെയ്താൽ അടുത്ത ചിന്ത സ്വന്തമായൊരു വീട് എന്നായിരിക്കും. മിക്കവാറും ആദ്യത്തെ വീടുവാങ്ങുന്നവർ തീർച്ചയായും അതു വായ്പ എടുത്തായിരിക്കും വയ്ക്കുക.

ഭവന വായ്പ എടുക്കുന്നതിനു മുന്പ് അതേക്കുറിച്ചുള്ള കാര്യങ്ങൾ മനസിലാക്കുന്നത് ഏറ്റവും നല്ലതായിരിക്കും. കാരണം ഭവന വായ്പ മിക്കപ്പോഴും ഇരുപതും മുപ്പതും വർഷക്കാലത്തേയ്ക്കുള്ളതായിരിക്കും. ദീർഘകാലത്തേക്കു തിരിച്ചടവു വേണ്ട വായ്പയായിരിക്കുമിത്.

1. വായ്പ യോഗ്യത
ഭവന വായ്പയുടെ ആദ്യത്തെ നടപടിയാണ് എത്രമാത്രം വായ്പ കിട്ടുമെന്നത്. വരുമാനം,തിരിച്ചടവുശേഷി എന്നിവ കണക്കിലെടുത്താണ് വായ്പാ കന്പനികൾ വായ്പയുടെ വലുപ്പം നിശ്ചയിക്കുക. പ്രായം, സാന്പത്തിക സ്ഥിതി, ആശ്രിതർ, പങ്കാളിയുടെ വരുമാനം തുടങ്ങിയവയെല്ലാം പരിഗണിക്കും.

2. വായ്പകൾ പലയിനം
* ഫ്ളോട്ടിംഗ് നിരക്ക് വായ്പ: പലിശ നിരക്ക് ബഞ്ച് മാർക്കിനോട് ബന്ധിപ്പിച്ചിരിക്കുകയാണ് ഇതിൽ. ബഞ്ച്മാർക്ക് നിരക്കിൽ മാറ്റം വരുന്നതനുസരിച്ച് പലിശ നിരക്കിലും മാറ്റം വന്നുകൊണ്ടിരിക്കും. ഫ്ളോട്ടിംഗ് റേറ്റ് ഫിക്സ്ഡ് റേറ്റിനെക്കാളും കുറവാണ്.
* ഫിക്സഡ് നിരക്ക് വായ്പ: വായ്പാ കാലയളവു മുഴുവൻ ഒരേ പലിശ നിരക്കായിരിക്കും.
* മിശ്രിത വായ്പ: തുടക്കത്തിൽ ഏതാനും വർഷം സ്ഥിര പലിശയും തുടർന്ന് ഫ്ളോട്ടിംഗ് നിരക്കുമുള്ള വായ്പ.

3. വീടോ വായ്പയോ ആദ്യം?
ആദ്യം വായ്പ അംഗീകരിപ്പിക്കുക. അപ്പോൾ യോജിച്ച ബജറ്റിൽ വീട് നിർമിക്കുക അല്ലെങ്കിൽ വാങ്ങുക എളുപ്പമാകും. മാത്രവുമല്ല, അംഗീകൃത ബിൽഡർമാരിൽനിന്നു വാങ്ങുകയാണെങ്കിൽ പ്രോപ്പർട്ടി രേഖകളുടെ കാര്യത്തിൽ ഇളവുണ്ടാകും.

4. വായ്പത്തുക
മിക്ക ഭവനവായ്പ സ്ഥാപനങ്ങളും പ്രോപ്പർട്ടി മൂല്യത്തിന്‍റെ 75-90 ശതമാനം വായ്പയായി നൽകാറുണ്ട്. വായ്പ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് സ്ഥാപനങ്ങൾ വായ്പത്തുക നിശ്ചയിക്കുക. ഉദാഹരണത്തിന് 50 ലക്ഷം രൂപയുടെ മൂല്യമുള്ള പ്രോപ്പർട്ടിക്ക് 80 ശതമാനം വായ്പ തന്നാൽ 40 ലക്ഷം രൂപ വായ്പയായി ലഭിക്കും.
വായ്പയ്ക്കുള്ള അപേക്ഷയിൽ പങ്കാളിയെകൂടി ചേർത്താൽ കൂടുതൽ തുക വായ്പ ലഭിക്കും. പങ്കാളിയുടെ വരുമാനം കൂടി കണക്കിലെടുത്താണ് വായ്പത്തുക നിശ്ചയിക്കുക.
കൂടുതൽ വായ്പ കിട്ടുമെങ്കിലും ശന്പളത്തിന്‍റെ 25- 30 ശതമാനത്തിൽ തിരിച്ചടവും നിർത്താൻ ശ്രമിക്കുക. ഇതുവഴി ജീവിത നിലവാരത്തിൽ ഇടിവു വരുത്താതെ മുന്നോട്ടു പോകാൻ ഇതു സഹായിക്കും. അതായത് യോഗ്യതയുണ്ടെങ്കിലും അധിക വായ്പ എടുക്കരുതെന്നുസാരം.

5. വായ്പയുടെ ചെലവ്
വായ്പ ഏതാണെങ്കിലും അതിനു ചെലവുണ്ട്. ഏറ്റവും വലിയ ചെലവ് പലിശ തന്നെ. പിലശ നിരക്ക് പരിഗണിക്കുന്നതിനൊപ്പം പ്രോസസിംഗ് ഫീസ്, അഡ്മിനിസ്ട്രേറ്റീവ് ചാർജ്, പ്രീ-പേയ്മെന്‍റ് പെനാലിറ്റി ( ഫ്ളോട്ടിംഗ് വായ്പയ്ക്ക് ഈ ചാർജ് പല ബാങ്കുകളും ഈടാക്കാറില്ല), ഗഡു മുടങ്ങിയാലുള്ള പിഴ തുടങ്ങിയ എല്ലാത്തരം ഫീസുകളേക്കുറിച്ചും ചാർജുകളേക്കുറിച്ചും വായ്പ എടുക്കുന്നതിനു മുന്പ് ചോദിച്ചറിയുക.


6. ഇഎംഐ (പ്രതിമാസ ഗഡു)
ഇക്വേറ്റഡ് മംത് ലി ഇൻസ്റ്റാൾമെന്‍റിന്‍റെ ചുരുക്കപ്പേരാണ് ഇഎംഐ. ഈ തുകയാണ് വായ്പ എടുക്കുന്നയാൾ ഓരോ മാസവും അടയ്ക്കേണ്ടത്. ഇതിൽ വായ്പ, പലിശ എന്നീ ഭാഗങ്ങൾ അടങ്ങിയിട്ടുണ്ടാവും.

7. കാലയളവ്
പരമാവധി 30 വർഷത്തേക്കാണ് ഭവന വായ്പ ലഭിക്കുന്നത്. ദീർഘകാലത്തിലുള്ള വായ്പയുടെ ഇഎംഐ കുറവായിരിക്കും. ഉദാഹരണത്തിന് 10 ലക്ഷം രൂപയുടെ വായ്പയക്ക്, 8.2 ശതമാനം പലിശനിരക്കിൽ വിവിധ കാലയളവുകളിലെ പ്രതിമാസ ഗഡു പരിശോധിച്ചു നോക്കാം.
10 വർഷക്കാലയളവിൽ പ്രതിമാസ ഗഡു 12967 രൂപയാണ്. കാലയളവ് 20 വർഷത്തേക്ക് ഉയർത്തുന്പോൾ പ്രതിമാസ ഗഡു 8489 രൂപയിലേക്കും 30 വർഷമാകുന്പോൾ 7478 രൂപയിലേക്കും താഴുന്നു.

വീടു പണിയുന്ന അല്ലെങ്കിൽ വാങ്ങുന്ന സമയത്ത് വരുമാനം കുറവാണെങ്കിൽ വായ്പയുടെ കാലയളവ് പരമാവധിയാക്കുകയും വരുമാനം കൂടുന്ന മുറയ്ക്ക് പ്രീപേയ്മെന്‍റ് വഴിയും മറ്റും വായ്പ അവസാനിപ്പിക്കുകയും ചെയ്യാം.

8. രേഖകൾ
ഭവന വായ്പ നേടുന്നതിന് ആവശമായ രേഖകൾ ഭവന വായ്പ കന്പനികൾക്കു നൽകണം. പ്രധാന രേഖകൾ ഇവയൊക്കെയാണ്.

* തിരിച്ചറിയൽ കാർഡ്, വിലാസം തെളിയിക്കുന്ന രേഖ. ആധാർ, വോട്ടേഴ്സ് കാർഡ്, പാസ്പോർട്ട് തുടങ്ങിയവ.
* വരുമാനം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ. ജോലിക്കാരാണെങ്കിൽ തൊഴിലുടമ നൽകുന്ന സാലറി സ്ലിപ്പ് മാതിയാകും. സ്വയം തൊഴിൽ ചെയ്യുന്നവർ ആണെങ്കിൽ ആദായനികുതി റിട്ടേണ്‍ നൽകിയാൽ മതി. തുടർച്ചയായ മൂന്നു വർഷം ഫയൽ ചെയ്ത റിട്ടേണിന്‍റെ കോപ്പി നൽകണം.
* വസ്തു സംബന്ധിച്ച രേഖകൾ. ആധാരം, കുടിക്കട സർട്ടിഫിക്കറ്റ്, മുന്നാധാരം തുടങ്ങിയവ നൽകണം. ഇവ ഏറ്റവും പ്രധാനപ്പെട്ടതും ഒറിജിനലും ആയിരിക്കണം.
* വായ്പയ്ക്കുള്ള അപേക്ഷയും വീടു പണിയുകയാണെങ്കിൽ അംഗീകരിച്ച പ്ലാൻ തുടങ്ങിയവ നൽകണം.

9. ഇൻഷുറൻസ് കവർ
വായ്പ ചെറുതോ വലുതോ ആയാലും ഇതിന് ഇൻഷുറൻസ് കവർ എടുത്തിരിക്കണം. വളരെ ചെറിയ തുകയിൽ ടേം ഇൻഷുറൻസ് വഴി ഇതു കവർ ചെയ്യാം. അല്ലെങ്കിൽ ഭവന വായ്പ ഇൻഷുറൻസ് എടുക്കാം. നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായാൽ ഇതു വായ്പ എടുത്തയാളിന്‍റെ ആശ്രിതർക്ക് സാന്പത്തിക സുരക്ഷ നൽകുന്നു. വായ്പ ഇൻഷുറൻസ് കന്പനികൾ അടയ്ക്കുകയും കുടംബം സ്വതന്ത്രമാവുകയും ചെയ്യും. ഇപ്പോൾ മിക്ക വായ്പാ കന്പനികളും ഇൻഷുറൻസും നിർബന്ധമാക്കുന്നുണ്ട്.

10. ഗഡുക്കൾ കൃത്യമായി അടയ്ക്കുക
തിരിച്ചടവിൽ ഗഡു തെറ്റിക്കാതിരിക്കുക. തുടർച്ചയായി മൂന്നു തവണ ഗഡു അടയ്ക്കാതിരുന്നാൽ വായ്പാ കന്പനികൾക്ക് നടപടിയെടുക്കാൻ അവകാശമുണ്ട്. ഗഡു മുടങ്ങുന്നത് പലിശച്ചെലവ് കൂട്ടുകയും അതു ക്രെഡിറ്റ് സ്കോറിനെ ബാധിക്കുകയും ചെയ്യും.