സാന്പത്തിക തളർച്ചയ്ക്കിടെ കടിഞ്ഞാണ്‍ പൊട്ടിച്ചു വിലക്കയറ്റം
സാന്പത്തിക  തളർച്ചയ്ക്കിടെ  കടിഞ്ഞാണ്‍ പൊട്ടിച്ചു വിലക്കയറ്റം
Friday, February 14, 2020 3:34 PM IST
എന്താണു നടക്കുന്നതെന്നു സംശയിക്കുന്നവർക്ക് സംശയം മാറിക്കിട്ടുന്നതാണ് കഴിഞ്ഞദിവസം പുറത്തുവന്ന ചില്ലറവിലക്കയറ്റ കണക്ക്. രാജ്യത്തു ഡിസംബറിൽ ഉപഭോക്തൃവില സൂചിക (സിപിഐ) ആധാരമാക്കിയുള്ള വിലക്കയറ്റം അഥവാ പണപ്പെരുപ്പം 7.35 ശതമാനമായി. ആറുവർഷത്തിനിടയിലെ ഏറ്റവും കൂടിയ നില.

ഒരാഴ്ച മുന്പ് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) ഒരു നിഗമനം പ്രസിദ്ധീകരിച്ചു. 2019-20ൽ ഇന്ത്യയുടെ സാന്പത്തിക (ജിഡിപി) വളർച്ച അഞ്ചു ശതമാനമായിരിക്കും. ആറു വർഷത്തിനിടയിലെ ഏറ്റവും താണ നില. നവംബർ 30ന് എൻഎസ്ഒ പുറത്തുവിട്ട മറ്റൊരു കണക്ക്. ജൂലൈ - സെപ്റ്റംബറിലെ ജിഡിപി വളർച്ച 4.5 ശതമാനം. 26 ത്രൈമാസങ്ങളിലെ ഏറ്റവും താണ നില

ഒരേ ഏജൻസിയുടെ കണക്കുകൾ. ഒന്ന്, താണുപോകുന്ന വളർച്ച. രണ്ട്, ഉയർന്നു പോകുന്ന വിലക്കയറ്റം അഥവാ പണപ്പെരുപ്പം. ഇതിനാണു സ്റ്റാഗ്ഫ്ളേഷൻ (തളർച്ചയും വിലക്കയറ്റവും ഒന്നിച്ചു നടക്കുന്നത്) എന്നു പറയുന്നത്.

മൻമോഹൻ മുന്പേ പറഞ്ഞു

ഏതാനും മാസം മുന്പ്് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഇതു പറഞ്ഞതാണ്. രാജ്യം തളർച്ചയുടെയും വിലക്കയറ്റത്തിന്‍റെയും ദൂഷിതവലയത്തിലൂടെ പോകുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.

അദ്ദേഹം ഒന്നുകൂടി പറഞ്ഞു. ഇതുപോലുള്ള വലിയ രാജ്യങ്ങൾക്കു സ്റ്റാഗ്ഫ്ളേഷനിൽ പെട്ടാൽ കരകയറാൻ എളുപ്പമല്ല.

അന്നു വിലക്കയറ്റം ഇത്ര കൂടിയിരുന്നില്ല. പ്രതിപക്ഷത്തിരിക്കുന്ന മുൻ പ്രധാനമന്ത്രിയുടേത് വെറും വിമർശനമായി കേന്ദ്രം കരുതി. സിംഗിനു മറുപടി പറയാതെ അദ്ദേഹത്തെ പരിഹസിക്കാനാണ് കേന്ദ്രസർക്കാർ തുനിഞ്ഞത്.

ഇപ്പോൾ ഡോ. സിംഗ് പറഞ്ഞതുപോലെ സംഭവിക്കുന്നു. നിർമല സീതാരാമന്‍റെ ധനകാര്യ ഭരണത്തിൽ നല്ല വശങ്ങൾ ചൂണ്ടിക്കാട്ടാനില്ലാത്ത നില വന്നിരിക്കുന്നു.

വേണ്ടതു ത്വരിത വളർച്ച

രാജ്യത്ത് ഓരോ വർഷവും തൊഴിലന്വേഷകരായി എത്തുന്നതു 130 മുതൽ 150 വരെ ലക്ഷം യുവാക്കളാണ്. അവർക്കു തൊഴിൽ കൊടുക്കാൻ വേണ്ടത് ഒന്പതു ശതമാനം വളർച്ചയാണ്. ഇതുതന്നെയാണ് അഞ്ചു വർഷംകൊണ്ട് രാജ്യം അഞ്ചു ലക്ഷം കോടി ഡോളർ ജിഡിപിയിൽ എത്താനും വേണ്ടത്.


ഒന്ന്, രാജ്യത്തെ യുവാക്കളുടെ ഉപജീവനാവശ്യം. മറ്റേതു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. രണ്ടും പ്രധാനം.

ഒന്പതു ശതമാനം വേണ്ട സ്ഥാനത്താണു നാലര ശതമാനം വളർച്ച. അതു മാറ്റി മേലോട്ടു വളർച്ച കൊണ്ടുപോകാൻ വഴി തേടുന്പോഴാണ് വിലക്കയറ്റം കടിഞ്ഞാണ്‍ പൊട്ടിച്ചു പായുന്നത്.

ആയുധമില്ലാതെ നിർമല

യുദ്ധഭൂമിയിൽ ആയുധമില്ലാത്ത പടയാളിയെപ്പോലെ ആവുകയാണ് ഇതോടെ സർക്കാരും റിസർവ് ബാങ്കും.

വളർച്ച കൂട്ടാൻ ചില വഴികളുണ്ട്. അതിലൊന്നാണു പലിശ കുറയ്ക്കൽ. പലിശ കുറയുന്പോൾ മൂലധന നിക്ഷേപത്തിന് ഉത്സാഹം കൂടുമെന്നാണു പാഠപുസ്തകങ്ങൾ പറയുന്നത്. അതുകൊണ്ടാണു റിസർവ് ബാങ്ക് 2019ൽ അടിസ്ഥാന പലിശനിരക്ക് 1.35 ശതമാനം കുറച്ചത്. ബാങ്കുകളും നിരക്ക് അല്പം കുറച്ചു.

വിലക്കയറ്റം ഇങ്ങനെ കുതിക്കുന്പോൾ പലിശ കുറയ്ക്കാൻ പറ്റില്ല. വില പിടിച്ചുനിർത്താൻ പലിശ കൂട്ടണമെന്നാണു പാഠപുസ്തകം പറയുക. റിസർവ് ബാങ്ക് ഡിസംബറിൽ പലിശനിരക്ക് മാറ്റാതിരുന്നത് ഇതിന്‍റെ ഫലമാണ്. ഫെബ്രുവരി ആറിന് അടുത്ത പണനയ അവലോകനത്തിലും പലിശ കുറയ്ക്കില്ല. കൂട്ടുകയില്ല എന്നുറപ്പില്ല.

ചെലവിനു പണമില്ല

വളർച്ച കൂട്ടാൻ വേറൊരു വഴിയാണു സർക്കാരിന്‍റെ ചെലവു കൂട്ടൽ. പക്ഷേ, നികുതിപിരിവിൽ അടക്കം കേന്ദ്രം വരവിൽ നാലു ലക്ഷം രൂപയോളം കുറയുമെന്നാണു ഭയപ്പെടുന്നത്. അതുകൊണ്ട് ചെലവ് വെട്ടിക്കുറയ്ക്കുകയാണ്. വളർച്ചയ്ക്കു വേണ്ടി ഒന്നും ചെയ്യാനാകുന്നില്ല.

ചെലവ് ചുരുക്കിയാലും വളർച്ചയ്ക്കു ദോഷമാണ്. സർക്കാർ ചെലവ് കുറയ്ക്കുന്പോൾ രാജ്യത്തു ഡിമാൻഡ് കുറയും. അതു വില്പന കുറയ്ക്കും. അതുമൂലം ഉത്പാദനവും തൊഴിലും കുറയും. വളർച്ച വീണ്ടും താഴോട്ടുപോകും.

ഇനി ധനകമ്മി വർധിപ്പിച്ച് വളർച്ചയ്ക്കായി ചെലവാക്കാമെന്നു വച്ചാൽ അതു പലിശനിരക്ക് കൂട്ടും. അപ്പോഴും വളർച്ചയ്ക്ക് ആഘാതമാകും.

മറ്റു രീതിയിൽ സന്പദ്ഘടനയെ ഉത്തേജിപ്പിക്കാൻ തക്ക ആവേശകരമായ പ്രഖ്യാപനങ്ങളും നടപടികളും ഉണ്ടാകുന്നില്ലെങ്കിൽ മുന്നോട്ടുള്ള വഴി ഇരുണ്ടതാകുമെന്നു വ്യക്തം.

റ്റി.സി. മാത്യു